malayinkil

മലയിൻകീഴ്: മങ്കാട്ടുകടവ് പാലത്തിന് സമീപം ടാങ്കറിൽ കൊണ്ടുവന്ന സെപ്റ്റിക് ടാങ്ക് മാലിന്യം നിക്ഷേപിച്ചതായി പരാതി. പാലത്തിനും വെയിറ്റിംഗ് ഷെഡിനും ഇടയിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് വൻ തോതിൽ കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്.ഇതിനടുത്തായാണ് വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്.മാലിന്യം നിക്ഷേപിച്ചതോടെ പരിസര പ്രദേശമാകെ ദുർഗന്ധമാണ്. വാഹന- കാൽനട യാത്രക്കാർ മൂക്ക് പൊത്തിയാണ് ഇതുവഴി കടന്നു പോകുന്നത്. ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് വീടുകളിൽ കഴിയാനാകാത്ത സാഹചര്യമാണ്.വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശമാണിത്.ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാകാം മാലിന്യം നിക്ഷേപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും നഗരത്തിലേക്കും കുടിവെള്ളം നൽകുന്ന കരമന ആറിനരികിലുള്ള പമ്പ് ഹൗസ് ഭാഗത്തേക്ക് ഈ മാലിന്യം ഒലിച്ചിറങ്ങാനുള്ള സാദ്ധ്യതയുമുണ്ട്. അതിനാൽ നിരവധി കുടുംബങ്ങളുടെ കുടിവെള്ളവും മുട്ടും എന്നതും ഉറപ്പാണ്. വിളവൂർക്കൽ നാലാം കല്ലിന് സമീപത്തും വേങ്കൂർ കോനറത്തല പാലത്തിനരികിലുള്ള കൃഷിയിടത്തിലും അടുത്തിടെ ഇത്തരത്തിൽ മാലിന്യം നിക്ഷേപിച്ചിരുന്നു.