ഒരു പതിറ്റാണ്ട് കടന്നുപോവുകയാണ്. ഇന്ത്യയിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതും, അമേരിക്കയിൽ ട്രംപ് പ്രസിഡന്റായതും ഇൗ ദശകത്തിലായിരുന്നു. തീവ്രദേശീയതയുടെ വളർച്ചയിലധിഷ്ഠിതമായ ബ്രെക്സിറ്റും ഐസിസിന്റെ ആവിർഭാവവും , ഇൗ പതിറ്റാണ്ടിന്റെ കാഴ്ചകളാണ്. കേരളം വൻ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോയതും ഇൗ കാലയളവിലായിരുന്നു. പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.
വലിയ പ്രതീക്ഷയോടെ തുടങ്ങിയ അറബ് വസന്തം, സിറിയൻ ദുരന്തത്തിലേക്കും പശ്ചിമേഷ്യയിലെ വർദ്ധിച്ച സംഘർഷത്തിനും ഇടയാക്കി.ചൈന, ഇന്ത്യ, ബ്രസിൽ ദക്ഷിണാഫ്രിക്ക തുടങ്ങിയ പാശ്ചത്യേതര രാജ്യങ്ങൾ ലോക രാഷ്ട്രീയത്തിന്റെ മുന്നണിയിലേക്ക് പ്രതിഷ്ഠക്കപ്പെട്ടതും ഇൗ കാലഘട്ടത്തിലായിരുന്നു. ഈ പശ്ചാത്തലത്തിൽ ലോക രാഷ്ട്രീയം 2019 ൽ എന്ത് ചിത്രമാണ് നൽകിയെന്ന് നോക്കാം.
സംഘർഷമോ സമാധാനമോ അനാഥത്വമോ?
ഒന്നുറപ്പിച്ചുപറയാം സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും വേദികളും സാഹചര്യങ്ങളും അന്യം നിന്നുപോവുകയാണ്. താൻപോരിമയും അധികാരകൊതിയും ചേർന്ന് സൃഷ്ടിക്കുന്ന അനിശ്ചിതത്വവും സമാധാനക്കേടുമാണ് കഴിഞ്ഞ പത്തുവർഷത്തെ പശ്ചാത്തലത്തിൽ 2019 നെ വിലയിരുത്തുമ്പോൾ തെളിഞ്ഞുവരുന്ന ചിത്രം.
ബ്രിട്ടന്റെ ബ്രെക്സിറ്റും യു.എസ്, ചൈന വ്യാപാരയുദ്ധവും മദപ്പാട് മങ്ങാത്ത ട്രംപും സംഘർഷ പൂരിതമായ പശ്ചിമേഷ്യയും ശാക്തിക ബലാബല വേദിയാകുന്ന ഇന്ത്യാ -പസഫികും, ഇന്ത്യാ -പാക് അകൽച്ചയും പ്രവചനാതിതമായ കാലാവസ്ഥയും ചേർന്ന് സൃഷ്ടിച്ചിട്ടുള്ള ഒരു നെരിപ്പോടായി ലോകരാഷ്ട്രീയത്തെ കാണാം. ഐസിസിന്റെ തലവൻ ബാഗ്‌ദാദിയുടെ മരണം ആ തീവ്രവാദ സംഘത്തിന് തിരിച്ചടിയാണെങ്കിലും അവർ ക്ഷീണിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസത്തെ നൈജീരിയയിലെ കൂട്ടക്കൊല വെളിവാക്കുന്നു.
ചൈന-യു.എസ് ചേരിപ്പോര്
ചൈന- അമേരിക്ക ചേരിപ്പോര് പ്രത്യേകിച്ചും വ്യാപാരയുദ്ധം അന്താരാഷ്ട്ര വാർത്തകളിൽ നിറഞ്ഞുനിന്നു. 2016 ലെ തിരഞ്ഞെടുപ്പ് വേളയിൽ ചൈന വ്യാപാര വഞ്ചകനാണെന്ന ട്രംപിന്റെ പ്രചാരണം അധികാരത്തിൽ വന്നപ്പോൾ ശക്തിപ്രാപിച്ചു. 2018 ജൂണിൽ തുടങ്ങിവച്ച ചൈനയ്ക്കെതിരെയുള്ള നികുതി വർദ്ധനവ് 2019 അവസാനത്തോടുകൂടി ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തെയും സാമ്പത്തിക ഇടപാടുകളെയും ബാധിക്കുന്ന നിലയിലേക്ക് മാറി.യഥാർത്ഥ പ്രശ്നം ചൈനയുടെ വളർച്ച അമേരിക്കയ്ക്കുണ്ടാക്കുന്ന ആശങ്കയാണ് തങ്ങളുടെ ഒന്നാംസ്ഥാനം നഷ്ടപ്പെടുമോയെന്ന് അമേരിക്ക ഭയക്കുന്നു.ഇതിന്റെ ഫലമായി ലോകത്തിന്റെ പല ഭാഗങ്ങളിലും ചേരിതിരിഞ്ഞ് പോരടിക്കുകയാണ് ഇൗ വമ്പൻമാർ. ചൈന റഷ്യയുമായി ചേർന്ന് പശ്ചിമേഷ്യ, സിറിയ, ലാറ്റിനമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ വിഷയങ്ങളിൽ അമേരിക്കൻ വിരുദ്ധ നിലപാട് സ്വീകരിച്ചുകഴിഞ്ഞു. ഇൗ അഭിപ്രായ ഭിന്നത ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുന്നത് ഇൻഡോ-പസഫിക് മേഖലയിലാണ്.ഇന്ത്യൻ മഹാസമുദ്രവും പസഫിക് സമുദ്രവും ചേർന്നുള്ള ലോകത്തിലെ ഏറ്റവും തന്ത്രപരമായ മേഖലയാണിത്. തെക്ക് ചൈനാക്കടൽ ഉൾപ്പെടുന്ന ഇൗ പ്രദേശത്താണ് ചൈന തങ്ങളുടെ ഒന്നാംനമ്പർ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. ബെൽറ്റ് ആൻഡ് റോഡുപോലെയുള്ള വൻ പദ്ധതികളിലൂടെയാണ് ചൈന ഇതിന് ശ്രമിക്കുന്നത്. ചൈനയെ നേരിടാൻ അമേരിക്ക ഇന്ത്യയേയും മറ്റു പരമ്പരാഗത ശക്തികളെയും കൂട്ടുപിടിക്കുന്നു. ഇക്കാര്യത്തിൽ അമേരിക്കയുടെ ഏറ്റവും വലിയ പങ്കാളിയായി ഇന്ത്യയെ അവർ കാണുന്നു.ഇന്ത്യ- അമേരിക്ക ബന്ധത്തിന്റെ തന്ത്രപരമായ അടിസ്ഥാനം ചൈനയെ ഒന്നിച്ചുനേരിടുകയെന്നാണ്. വ്യാപാരയുദ്ധത്തിന്റെ പേരിൽ നടക്കുന്ന ഇൗ ചേരിപ്പോരിന് സൈനിക-ശാക്തിക മാനങ്ങളുണ്ട്.
ബ്രെക്സിറ്റും ട്രംപും
ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽനിന്ന് പിൻമാറുന്നതിന് വലിയ പിന്തുണയാണ് ബ്രിട്ടീഷ് ജനത ബോറിസ് ജോൺസനെന്ന പുതിയ പ്രധാനമന്ത്രിക്ക് നൽകിയിരിക്കുന്നത്. ലോക രാഷ്ട്രീയത്തിൽ ഇൗ നടപടിക്ക് വലിയമാനങ്ങൾ ഉണ്ട് . 2016 ലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ തുടർച്ചയായി ഇതിനെ കാണാം. ലോക രാഷ്ട്രീയത്തിൽ മിതവാദ ശക്തികൾ ക്ഷയിക്കുന്നതിന്റെയും തീവ്രദേശീയവാദികൾ ശക്തിപ്പെടുന്നതിന്റെയും സൂചനയാണിത്. ഇന്ന് യൂറോപ്പിലെ 35 ശതമാനത്തിലധികം ജനത തീവ്രദേശീയതയിൽ വിശ്വസിക്കുന്നു.
യൂറോപ്പിൽ മാത്രമല്ല ലോകത്താകമാനം ജനസഞ്ചയ രാഷ്ട്രീയം ശക്തിപ്പെടുകയാണ് ആഗോള വത്കരണത്തിന്റെ ഏറ്റവും വലിയ വ്യക്താക്കളായ അമേരിക്കയും മറ്റും മതിലുകൾ കെട്ടിപ്പൊക്കാനുള്ള ഒരുക്കത്തിലാണ്. നവോത്ഥാന മൂല്യങ്ങളിൽ അടിസ്ഥാനമാക്കിയ മാനവികതയും മനുഷ്യാവകാശങ്ങളും മനുഷ്യത്വവും അന്താരാഷ്ട്ര ബന്ധങ്ങളിൽ അപ്രസക്തമാവുകയാണ്. ജനാധിപത്യത്തിന്റെ ചട്ടക്കൂടുതന്നെയാണ് ജനാധിപത്യ മൂല്യങ്ങളെ കശാപ്പ് ചെയ്യാനുദ്ദേശിക്കുന്നത്.
പശ്ചിമേഷ്യ സംഘർഷഭരിതം
ഇറാനെതിരെയുള്ള അമേരിക്കൻ ഉപരോധം, സിറിയയിലെ അവസാനിക്കാത്ത സായുധ സമരം പ്രതിരോധത്തിലായ ഐസിസ്, സൗദി അറേബ്യയ്ക്ക്, ഇറാൻ, യെമൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായുള്ള യുദ്ധമുഖം, പരിഹാരം അപ്രാപ്യമാക്കുന്ന പാലസ്തീൻ-ഇസ്രായേൽ പ്രശ്നങ്ങൾ. ഗതികിട്ടാതെ അലയുന്ന ഇറാഖ്, നൊമ്പരമാകുന്ന കുർദ്ദിഷ് ദേശീയത തുടങ്ങിയവ പശ്ചിമേഷ്യയെ ഏറ്റവും സങ്കീർണവും സംഘർഷപൂരിതവുമായ പ്രദേശമാക്കുന്നു. ബാഹ്യശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവരുടെ ഇടപെടലുകൾ അനിശ്ചിതത്വത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. അമേരിക്ക-ഇറാൻ യുദ്ധത്തിന്റെ വക്കോളമെത്തി പിന്തിരിഞ്ഞെങ്കിലും വിരട്ടലുകൾക്കും വെല്ലുവിളികൾക്കും ഒരു കുറവുമില്ല. ഐസിസ് തലവൻ ബാഗ്‌ദാദി കൊല്ലപ്പെട്ടെങ്കിലും അവർ ഉയർത്തുന്ന ഭീഷണി ശക്തംതന്നെ. സൗദി അറേബ്യയിലെ യുവരാജാവിന്റെ സ്വേച്ഛാധിപത്യം മദ്ധ്യമപ്രവർത്തകൻ ഖഷോഗിയുടെ കൊലയിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിലെത്തിനിൽക്കുന്നു. പ്രശ്നങ്ങളില്ലാത്ത പശ്ചിമേഷ്യ സ്വപ്നമായി തുടരാനാണ് സാധ്യത.
ഇന്ത്യ
കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആഗോളതലത്തിൽ പിന്തുണ ലഭിച്ചെങ്കിലും മറ്റുപല മേഖലകളിലും വളരുന്ന വൻശക്തിയായ ഇന്ത്യയ്ക്ക് ആശങ്കകളും ഇല്ലാതില്ല. ബാലാക്കോട്ടും, 370 വകുപ്പ് റദ്ദാക്കലും ചേർന്ന് സൃഷ്ടിച്ചിട്ടുള്ള ഇന്ത്യ-പാക് ബന്ധത്തിലെ വിടവ് നികത്തുക എളുപ്പമല്ല. പ്രതികാരത്തിനായി കാത്തിരിക്കുന്ന വൈരികളെപ്പോലെയാണ് ഇന്ത്യ-പാക് ബന്ധം. എരിവും പുളിയും വേണ്ടുവോളം ചേർക്കുമ്പോൾ ചൈനയുടെ മസാലക്കൂട്ടുമുണ്ട്. മോദി-ഷി ജിൻ പിംഗ് കൂടിക്കാഴ്ച സ്നേഹപ്രകടനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നെങ്കിലും ഇന്ത്യ-ചൈനാ ബന്ധത്തിൽ ഇപ്പോഴും മുഴച്ചുനിൽക്കുന്നത് അവിശ്വാസവും അഭിപ്രായ വ്യത്യാസങ്ങളുമാണ്. പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിൽനിന്നുള്ള പിൻമാറ്റം ഇന്ത്യയുടെ ആക്ട്-ഇൗസ്റ്റ് പോളിസിയെ ദോഷകരമായി ബാധിക്കും. അമേരിക്ക ഇന്ത്യയുടെ ഉറ്റ സുഹൃത്താണെങ്കിലും ഇന്ത്യയെക്കൊണ്ട് ആയുധങ്ങൾ വാങ്ങിപ്പിക്കുന്നതിലാണ് ട്രംപിന് താത്പര്യം,. എന്നാൽ പശ്ചിമേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വളരെയടുത്ത ബന്ധം പുലർത്താൻ കഴിയുന്നുണ്ട്.
ആഗോളതാപനം
ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കാലാവസ്ഥാവ്യതിയാനം. ഇന്തോനേഷ്യ ജക്കാർത്തയ്ക്ക് പകരം മറ്റൊരു തലസ്ഥാനം പണിയുകയാണ്. കാരണം ജക്കാർത്തയെന്ന നഗരം ഏതാനും വർഷങ്ങൾക്കകം അപ്രത്യക്ഷമാകും. 2018 ലെ മഹാപ്രളയത്തിലൂടെ കേരളീയർ അനുഭവിച്ചറിഞ്ഞതാണ് കാലാവസ്ഥാവ്യതിയാനമെന്ന ദുരന്തത്തിന്റെ വ്യാപ്തി. സങ്കടകരമായ കാര്യം മനുഷ്യരാശിയെ ഇല്ലാതാക്കാൻ പോകുന്ന ഇൗ അപകടത്തിൽ പോലും ലോകത്തിന് ഒന്നിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നതാണ്. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യാൻ പോലും ട്രംപ് തയ്യാറല്ല. ഷേക്‌സ്പിരിയൻ ട്രാജഡികളിലെന്നപോലെ മനുഷ്യൻതന്നെ എല്ലാ നേട്ടങ്ങളും സ്വയം ഇല്ലാതാക്കുന്ന അവസ്ഥ.. ഇന്ന് ലോകത്തിന് പ്രിയമാകുന്ന ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഫലം കൂടിയാണിത്.
ആഗോള രാഷ്ട്രീയം ഒരു പുത്തൻശ്രമത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ശാക്തിക ബലാബലത്തിലെ മേൽക്കോയ്മയ്ക്കാണ് ലോകശക്തികൾ ശ്രമിക്കുന്നത്. പരസ്പര വിശ്വാസമില്ലാത്ത മത്സരത്തിന്റെ വേദിയാണിന്ന് ലോകരാഷ്ട്രീയം.