sivagiri

ശിവഗിരി: ശുചിത്വത്തെ സമരായുധമാക്കിയ മഹാനാണ് ശ്രീനാരായണ ഗുരുവെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശുചിത്വം, ആരോഗ്യം എന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തന്റെ അനുയായികളെ ശുചിത്വബോധത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശരിയായ ആഹാരം, വ്യായാമം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ഭക്തരെ ഗുരു ബോധവാന്മാരാക്കി. ഭക്ഷണത്തിൽ ഇലകളും പച്ചക്കറികളും പഴങ്ങളം ഉൾപ്പെടുത്തേണ്ടതിനെക്കുറിച്ചും ഗുരു പറഞ്ഞു. കേരളത്തിൽ മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയാൻ ഗുരുദേവന്റെ പ്രബോധനങ്ങൾ സഹായിച്ചു. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വത്തെക്കുറിച്ചും ഗുരു ജനങ്ങളെ ബോധവാന്മാരാക്കി.

ആത്മശുദ്ധിപോലെ ശരീര ശുദ്ധിയും ഉണ്ടെങ്കിലേ ഒരാൾ പരിപൂർണനാകൂ എന്നാണ് ഗുരുദേവൻ പറഞ്ഞതെന്ന് മുൻ മന്ത്രി ഡോ.എം.കെ. മുനീർ ഓർമ്മിപ്പിച്ചു.

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ അദ്ധ്യക്ഷനായിരുന്നു.ഡോ. ജി. വിജയരാഘവൻ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ, ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഡോ.കെ.ജി.സുരേഷ്, ഡോ.സുധാകരൻ, ഡോ.ബൈജു സേനാധിപൻ, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി ഡോ.ബിജുപ്രഭാകർ, ഡോ.എ.ജി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാമി ഗുരുപ്രകാശം സ്വാഗതവും സ്വാമി അമേയാനന്ദ കൃതജ്ഞതയും പറഞ്ഞു.