ശിവഗിരി: ചെറുപുഴകളായി ഒഴുകിയെത്തുന്ന പദയാത്രകൾ, തിരക്കിന്റെ കടലിനു മീതെ കൊന്നപ്പൂവിന്റെ ചന്തം ചാലിച്ച് പതിനായിരക്കണക്കിന് പീതാംബരധാരികൾ... ലോകഗുരുവിന്റെ മഹാസമാധിക്കു മുന്നിൽ ആ കടൽ വന്നു കൈകൂപ്പി നിന്നു.
87-ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്നലെയാണ് ഔപചാരികമായ തുടക്കം കുറിച്ചതെങ്കിലും നാലു നാൾ മുമ്പേ തുടങ്ങിയിരുന്നു, തീർത്ഥാടകരുടെ നദീപ്രവാഹം. രാവിലെ ഏഴിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തി. 9.50 ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വാഹനവ്യൂഹം ശിവഗിരിയിലെത്തി, നേരെ മഹാസമാധിയിലേക്ക്. സ്വാമി വിശുദ്ധാനന്ദ ആരതി നടത്തിയ ദീപം ഉപരാഷ്ട്രപതിയും മറ്റ് അതിഥികളും വണങ്ങി, തീർത്ഥം സ്വീകരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി വി.മുരളീധരൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എം.എൽ.എ എന്നിവരായിരുന്നു ഒപ്പം. തുടർന്ന് ശാരദാമഠത്തിലും ദർശനം നടത്തിയ അതിഥികൾ വേദിയിലെത്തിയപ്പോൾ ഹർഷാരവത്തോടെ വരവേല്പ്.
തനി മലയാളത്തിൽ ഉപരാഷ്ട്രപതിയുടെ പ്രസംഗത്തുടക്കം. ഗുരുദർശനങ്ങളുടെ കാലികപ്രസക്തി എടുത്തുപറഞ്ഞ വെങ്കയ്യ നായിഡു ഗുരുവചനങ്ങളിലൂടെ രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചും മാനവസ്നേഹത്തെ കുറിച്ചും പ്രാസഭംഗിയോടെ പ്രസംഗം തുടർന്നപ്പോൾ സദസിന്റെ നീണ്ട കരഘോഷം. ഗുരുദേവ ദർശനം ഉൾക്കൊണ്ടാൽ ഇന്ത്യ 'ക്ലാസ്‌ലെസ്, കാസ്റ്റ്ലെസ്' (വർഗരഹിത, ജാതിരഹിത) രാഷ്ട്രമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാ മതത്തിലെയും പുരോഹിതന്മാരും നേതാക്കളും ചേരികളിലിറങ്ങി പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
'സഹോദരീ സഹോദരന്മാരേ...' എന്ന് മലയാളത്തിലാണ് ഗവർണർ പ്രസംഗിച്ചു തുടങ്ങിയത്. സമയക്കുറവുകാരണം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസാരിച്ചില്ല. ചടങ്ങ് അവസാനിച്ചയുടൻ ഉപരാഷ്ട്രപതി സദസിന്റെ പിൻനിരയിലേക്ക് നടന്നുചെന്ന് തീർത്ഥാടകരോട് കുശലാന്വേഷണം നടത്തി, തൊഴുകൈയുമായി മടങ്ങി. ഉദ്ഘാടന ചടങ്ങിന് എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.