തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചിരിക്കെ, ഭരണഘടനാവിരുദ്ധമായ ഈ നിയമം പിൻവലിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്ന ഔദ്യോഗിക പ്രമേയം സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കും.
പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയെങ്കിലും ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത് പ്രാബല്യത്തിൽ വരുത്തരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് രാവിലെ 9ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം വി.ഡി.സതീശൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ,പ്രതിപക്ഷവുമായി ധാരണയുണ്ടാക്കിയ സർക്കാർ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ച് പാസാക്കാനാണ് ശ്രമിക്കുന്നത്.
അതേ സമയം, പ്രത്യേക സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച പ്രമേയം പാസാക്കുന്നതായി ഗവർണറെ സ്പീക്കർ അറിയിച്ചിട്ടില്ല. നിയമസഭയിലെയും പാർലമെന്റിലെയും പട്ടികജാതി, പട്ടികവർഗ സംവരണം പത്ത് വർഷത്തേക്കു നീട്ടാനുള്ള പ്രമേയം അംഗീകരിക്കാനാണ് സഭ ചേരുന്നതെന്നാണ് സ്പീക്കർ അറിയിച്ചിരുന്നത്. ഇത് ഗവർണർ അംഗീകരിക്കുകയായിരുന്നു ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുന്നതിന് പകുതിയിൽ കൂടുതൽ സംസ്ഥാനങ്ങളുടെ അംഗീകാരം വേണം. ജനുവരി പത്തിനകം ഈ പ്രമേയം പാസാക്കേണ്ടതുണ്ട്. പുതുവർഷത്തിലാണ് സഭ ചേരുന്നതെങ്കിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടി വരും. അതിന് സമയമെടുക്കുമെന്നതിനാലാണ് ഇന്നു തന്നെ പ്രത്യേക സമ്മേളനം ചേരുന്നത്. നിയമസഭയിലെയും പാർലമെന്റിലെയും ആംഗ്ലോ ഇന്ത്യൻ സംവരണം നീട്ടണമെന്ന പ്രമേയവും ഇന്ന് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കും.
സഭാ സമ്മേളനത്തിൽ എന്തൊക്കെ പരിഗണിക്കണമെന്നു തീരുമാനിക്കുക മുഖ്യമന്ത്റിയും പ്രതിപക്ഷനേതാവും ഉൾപ്പെടുന്ന കാര്യോപദേശക സമിതിയാണ്. സംവരണ വിഷയമാണ് ഔദ്യോഗിക അജൻഡയിലുള്ളതെങ്കിലും അത് പാസാക്കിയ ശേഷം മറ്റ് പ്രമേയങ്ങളും പരിഗണിക്കാനാവും. കേന്ദ്ര നിയമത്തിനു വിരുദ്ധമായ നിയമം നിർമ്മിക്കാൻ നിയമസഭകൾക്ക് അനുവാദമില്ല. എന്നാൽ, കേന്ദ്ര നിയമത്തിനെതിരായ സഭയുടെ വികാരം പ്രകടിപ്പിച്ച് പ്രമേയം പാസാക്കുന്നതിന് നിയമ തടസമില്ല.
ഗവർണർ
ഇടപെട്ടേക്കില്ല
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തന്റെ അഭിപ്രായം പരസ്യമാക്കിയെങ്കിലും, നിയമസഭ പ്രമേയം പാസാക്കിയാൽ അതിൽ ഗവർണർ ഇടപെട്ടേക്കില്ല. നിയമസഭയിലെ കാര്യങ്ങൾ സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തീരുമാനിക്കട്ടെ എന്നാണ് ഗവർണറുടെ നിലപാട്.പ്രമേയം പാസാക്കി കേന്ദ്രത്തിന് അയയ്ക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ട്.