വെള്ളറട: വെള്ളറട കുന്നത്തുകാൽ പ്രദേശങ്ങളിലെ കുറച്ച് അയ്യപ്പഭക്തൻമാർ തുടർച്ചയായ മുപ്പതാം വർഷവും ശബരിമലയിലേക്ക് പോകുകയാണ്.. കാൽനടയായി തന്നെ.. 33 അംഗ സംഘമാണ് ഇക്കുറി പദയാത്രയായി ശബരിമലയിലേക്ക് യാത്ര തിരിച്ചത്. 1990 മുതൽ ഗുരു സ്വാമിമാരായ കരുണാകരന്റെയും പത്മകുമാറിന്റെയും നേതൃത്വത്തിൽ ഇവർ കാൽനടയായി ശബരിമലയിൽ പോകുന്നുണ്ട്. ഗുരുസ്വാമിയായ കരുണാകരൻ മരിച്ചതോടെ പത്മകുമാർ മാത്രമാണ് ഇപ്പോൾ നേതൃത്വം നൽകുന്നത്. ഞായറാഴ്ച കുന്നത്തുകാലിൽ നിന്നും ആരംഭിച്ച യാത്ര ജനുവരി 9ന് സന്നിധാനത്ത് എത്തിചേരും. കള്ളിക്കാട്, കുളത്തുപുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, കല്ലേലി, റാന്നി, എരുമേലി, പീരുമേട്, സത്രം വഴിയാണ് ഇവരുടെ കാൽനടയാത്ര. മുൻവർഷങ്ങളിൽ തങ്ങുന്ന സ്ഥലങ്ങളിൽ ഇവർ സ്വയം ആഹാരം പാകംചെയ്ത് കഴിച്ചാണ് യാത്ര നടത്തിയിരുന്നത്. ഈ വർഷം ആഹാരം പാകം ചെയ്യാനുള്ള സാധനങ്ങളും ഒരു വണ്ടിയും ഒരു പാചകകാരനെയും ഇവർ കൊണ്ടുപോകുന്നുണ്ട്. എല്ലാപ്രാവശ്യവും മകരവിളക്ക് തൊഴുതാണ് സംഘം മലയിറങ്ങുന്നത്. ഇക്കുറി മകരവിളക്കിനു മുമ്പ് മലയിറങ്ങും.