തിരുവനന്തപുരം: പെട്രോൾ പമ്പുകളിൽ സേവനത്തിനൊപ്പം മികച്ച ടോയ്ലെറ്റ് സൗകര്യവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ഇവ പ്രത്യേകം നിർമിക്കണം.

യാത്രചെയ്യുന്നവർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ഉപയോഗിക്കാനാകണം. ഇത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളോടനുബന്ധിച്ച് ഐ.ഒ.സിയുടെ പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒ. രാജഗോപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആഭ്യന്തര അഡി: ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത, ഐ.ഒ.സി ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ, നഗരസഭാ കൗൺസിലർ ഡോ: വിജയലക്ഷ്മി, ജയിൽ ഡി.ഐ.ജിമാരായ സാം തങ്കയ്യൻ, എം.കെ. വിനോദ് കുമാർ, സിക്ക ഡയറക്ടർ എം.ജി ഷീല എന്നിവർ പങ്കെടുത്തു. ഡയറക്ടർ ജയിൽ മേധാവി ഋഷിരാജ് സിംഗ് സ്വാഗതവും ജയിൽ ആസ്ഥാന കാര്യാലയം ഡി.ഐ.ജി എസ്. സന്തോഷ് നന്ദിയും പറഞ്ഞു.

വിഷുവിന് മുമ്പ് തുറക്കും

തിരുവനന്തപുരത്ത് പൂജപ്പുര ജയിലിനോട് ചേർന്നുള്ള 25.1 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന പമ്പ് വിഷുവിന് മുമ്പ് തുറക്കുമെന്ന് ജയിൽ മേധാവി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. കൂടാതെ വിയ്യൂർ, കണ്ണൂർ എന്നീ സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലും പമ്പ് ആരംഭിക്കും.