കോവളം: വാഴമുട്ടം ബൈപാസിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച മത്സ്യ കച്ചവടക്കാരനെ അടിച്ച് വീഴ്ത്തി മൂന്നംഗ സംഘം പണവും വാഹനവും തട്ടിയെടുത്ത് കടന്നു. പാച്ചല്ലൂർ കൊല്ലംതറ ആലുംമൂട് വാഴത്തറയിൽ ശിശുപാലനു നേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 7500 രൂപയും ഹോണ്ട ആക്ടീവ സ്കൂട്ടറുമാണ് സംഘം തട്ടിയെടുത്തത്. ഇന്നലെ പുലർച്ചെ 3.15 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞം കടപ്പുറത്ത് നിന്ന് മീൻ വാങ്ങി നഗരത്തിലെ വീടുകളിൽ എത്തിക്കുന്നതിനായി തിരുവല്ലം ഭാഗത്തു നിന്ന് വിഴിഞ്ഞത്തേക്ക് വരികയായിരുന്ന ശിശുപാലനെ പാച്ചല്ലൂർ ഭാഗത്തു നിന്ന് ഒരു ബൈക്കിലെത്തിയ സംഘം പിന്തുടരുകയും വാഴമുട്ടം ഗവ. ഹൈസ്‌കൂളിന് മുന്നിൽ എത്തിയ സമയം പിറകിലൂടെ ആക്രമിച്ച് വീഴ്ത്തുകയുമായിരുന്നു. ഭയചകിതനായ ഇയാളുടെ സ്‌കൂട്ടർ നിയന്ത്രണം തെറ്റി റോഡരികിൽ മറിയുകയും വീഴ്ചയിൽ കാലിന് മുറിവും സംഭവിച്ചു. ഈ സമയം സംഘത്തിൽ ഒരാൾ ബൈക്കിൽത്തന്നെ ഇരിക്കുകയും മറ്റു രണ്ടുപേർ ബലം പ്രയോഗിച്ച് ശിശുപാലന്റെ പോക്കറ്റിൽ സൂക്ഷിച്ച പണവും സ്‌കൂട്ടറും തട്ടിയെടുത്ത് കോവളം ഭഗത്തേക്ക് പോവുകയായിരുന്നു. വാഹനത്തിൽ സൂക്ഷിച്ചിരുന്ന രണ്ട് എ.ടി.എം കാർഡുകളും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാളുടെ നിലവിളി കേട്ടാണ് പ്രദേശവാസികൾ സംഭവം അറിയുന്നത്. ഉടൻതന്നെ വിവരം കോവളം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കോവളം പൊലീസ് എസ്.എച്ച്.ഒ പി. അനിൽകുമാർ പറഞ്ഞു.