obt

തിരുവനന്തപുരം: അമ്മയെ സന്ദർശിച്ച ശേഷം ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന അദ്ധ്യാപികയ്‌ക്ക് കെ.എസ്.ആർ.ടി.സി ബസിടിച്ച് ദാരുണാന്ത്യം. തക്കല മണലിക്കര ചെമ്പരത്തിവിള വഴിക്കലമ്പാട് 21/53 ഗോകുലത്തിൽ എസ്.ആർ. പ്രേംനാഥിന്റെ ഭാര്യ കെ. കുമാരി ലൈലയാണ് (52) മരിച്ചത്. തിരുവട്ടാർ അരുണാചലം സ്‌കൂളിലെ അദ്ധ്യാപികയാണ്. ഒപ്പമുണ്ടായിരുന്ന പ്രേംനാഥിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരമന-കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി സ്‌കൂട്ടർ ബസിനടിയിലേക്ക് മറിയുകയായിരുന്നു. ബസിന്റെ ടയർ തലയിലൂടെ കയറിയിറങ്ങിയ കുമാരി ലൈല സംഭവ സ്ഥലത്തു തന്നെ മരിച്ചു. സ്‌കൂട്ടറുമായി അല്പദൂരം സഞ്ചരിച്ചശേഷമാണ് ബസ് നിന്നത്. മറുഭാഗത്തേക്ക് തെറിച്ചുവീണ പ്രൈംനാഥിന്റെ കാലിനാണ് പരിക്കേറ്റത്.

ഗൾഫിൽ ജോലി ചെയ്യുന്ന ഏക മകൻ ഗോകുലിന്റെ വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പാണ് കുമാരി ലൈലയുടെ മരണം. മരുമകൾ: പി.എൽ. ദീപിക. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.