തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ പാർശ്വവത്കരിച്ച് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന്യം കുറയ്ക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മാദ്ധ്യമ പ്രവർത്തരോടു പറഞ്ഞു.
നവോത്ഥാനത്തിന് നാന്ദി കുറിച്ച ഗുരുദേവൻ തുടക്കമിട്ട തീർത്ഥാടനത്തെ അറിവിന്റെ തീർത്ഥാടനം എന്നൊക്കെയാണ് ഭരണാധികാരികൾ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത് സ്റ്റേജിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. തീർത്ഥാടനത്തിന്റെ തുടക്ക ദിവസം കൂടി ഉൾക്കൊള്ളിച്ച് വിദ്യാർത്ഥികൾക്ക് ക്രിസ്മസ് അവധി ക്രമീകരിക്കണമെന്ന മഠത്തിന്റെ ആവശ്യം സർക്കാർ തള്ളി. കഴിഞ്ഞ വർഷം വരെ ശിവഗിരി തീർത്ഥാടനത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രിസ്മസ് അവധി ക്രമീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ശിവഗിരി തീർത്ഥാടനം തുടങ്ങുന്ന ദിവസം തന്നെ സ്‌കൂളുകളും കോളേജുകളും തുറന്നു. ട്രസ്റ്റിന് കീഴിൽ നിരവധി സ്‌കൂളുകളും കോളേജുകളുമുണ്ട്. അതിനാൽ ഇവർക്ക് പങ്കെടുക്കാൻ കഴിയാതെ വന്നു. അവധി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. മാറിമാറി വരുന്ന സർക്കാരുകൾ അവരുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വർഷം തീർത്ഥാടന കാലത്ത് നവോത്ഥാന മതിലിന്റെ പേരിൽ തീർത്ഥാടനം അട്ടിമറിക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.