തിരുവനന്തപുരം: ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും സാധാരണക്കാരന് പ്രയോജനപ്പെടുന്നതാകണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവ മനസുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തണം. അത് രാജ്യത്തിന്റെ സാങ്കേതിക വളർച്ചയ്ക്ക് സഹായിക്കും. മുൻവിധിയില്ലാതെയും പക്ഷപാതമില്ലാതെയും സത്യാന്വേഷണം നടത്തുന്നതിന് ശാസ്ത്ര പഠനം കുട്ടികളെ സഹായിക്കും.
കാശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യ ഒറ്റ രാജ്യമാണ്. വിവിധ ഭാഷകളും വേഷങ്ങളും സംസ്‌കാരവുമണ്ടെങ്കിലും നാം ഒരു ജനതയാണ്. നാനാത്വത്തിൽ ഏകത്വമാണ് രാജ്യത്തിന്റെ സൗന്ദര്യം. മാതൃഭാഷയ്ക്ക് വേണം പ്രഥമ പരിഗണന നൽകേണ്ടത്. അതിനു ശേഷം മറ്റു ഭാഷകൾ പഠിക്കാം.
ജീവിതശൈലീ രോഗങ്ങൾ ഇന്ന് വർദ്ധിക്കുന്നു. ജീവിതരീതിയിൽ വന്ന മാറ്റവും ഭക്ഷണ രീതികളുമാണ് ഇതിന് മുഖ്യകാരണം. കുട്ടികൾ എല്ലാദിവസവും വ്യായാമം ചെയ്യണം. എഴുപതാം വയസിലും എല്ലാ ദിവസവും ഒരു മണിക്കൂർ താൻ ബാറ്റ്മിന്റൺ കളിക്കാറുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
കുട്ടികൾക്ക് ശാസ്ത്ര തത്വങ്ങൾ മനസിലാക്കാനും ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനുമുള്ള വേദിയാണ് ശാസ്ത്ര കോൺഗ്രസ്. ആകാംക്ഷ, അറിവ്, കാര്യക്ഷമത, ദൃഢനിശ്ചയം, സ്ഥിരോത്സാഹം, നിർണായക കണ്ടുപിടിത്തങ്ങൾ നടത്താനുള്ള ധൈര്യം എന്നിവ കുട്ടികൾ വികസിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ഉപദേശിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, പ്രൊഫ. കെ.പി. സുധീർ, ടി.പി. രഘുനാഥ്, ഡോ. എസ്. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.