പാറശാല: വെങ്കുളം ചന്ദനപ്പുറം ശ്രി നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നാലമ്പല സമർപ്പണവും ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും തിരുവാതിര മഹോത്സവവും ജനുവരി 1 മുതൽ 10 വരെ നടക്കും. നാലമ്പലത്തിന്റെ സമർപ്പണത്തിനായുള്ള പൂജാദികർമ്മങ്ങൾ ക്ഷേത്രതന്ത്രി ചെറുമുക്ക് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ജനുവരി 1 ന് ആരംഭിക്കും. 2ന് വൈകിട്ട് 7ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.എസ്.രവിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വെള്ളിമല വിവേകാനന്ദാശ്രമത്തിലെ മഠാധിപതി ചൈത്യാനന്ദ മഹാരാജ് ഭദ്രദീപം കൊളുത്തി ക്ഷേത്രത്തിന് സമർപ്പിക്കും. പൊലീസ് മുൻ മേധാവി ടി.പി സെൻകുമാർ യോഗം ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് യജ്ഞാചാര്യൻ ദയാനന്ദ സരസ്വതിയുടെ മഹാത്മ്യപ്രഭാഷണത്തോടു കൂടി ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമാകും. 10 ന് ക്ഷേത്രതന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രധാന ചടങ്ങുകളോടെ ഉത്സവം സമാപിക്കും.