camera
camera

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന മുറികൾ സി.സി.ടി.വി നിയന്ത്രണത്തിലാക്കും.

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ഒരുമിച്ച് രാവിലെ നടത്തുന്നതിന്റെ ഭാഗമായി ക്രമീകരണങ്ങൾ നിർദ്ദേശിച്ച് സർക്കാർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യവും വ്യക്തമാക്കുന്നത്. എസ്.എസ്.എൽ.സി ചോദ്യപേപ്പർ സോർട്ടിംഗ് നിലനിർത്തും. ട്രഷറിയിലും ബാങ്കിലും ചോദ്യപേപ്പർ മാറ്റുന്ന സംവിധാനത്തിനു പകരമായി സോർട്ട് ചെയ്ത ചോദ്യപേപ്പറുകൾ ക്ലസ്റ്റർ തലത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് സോർട്ടിംഗ് കഴിഞ്ഞ് പരമാവധി രണ്ടു ദിവസത്തിനകം സുരക്ഷിതമായി കവചിത വാഹനങ്ങളിൽ എത്തിക്കണം.. ഇതിനായി സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ സ്‌കൂൾ ബസുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് ഉപയോഗിക്കാം. ഹയർസെക്കൻഡറിയിലും വൊക്കേഷണൽ ഹയർസെക്കൻഡറിയിലും ചോദ്യപേപ്പർ വിതരണത്തിന് നിലവിലുള്ള സംവിധാനം നിലനിർത്താം.

മറ്റു നിർദേശങ്ങൾ

ചോദ്യപേപ്പർ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർ നിശ്ചയിക്കുന്ന സ്‌ട്രോംഗ് റൂം കണ്ടെത്തണം.

അധികമായി വരുന്ന ഫർണിച്ചറുകൾക്കും സി.സി.ടി.വി സ്ഥാപിക്കാനുള്ള ചെലവും അതാത് പ്രിൻസിപ്പൽമാരോ വൈസ് പ്രിൻസിപ്പൽമാരോ പി.ഡി അക്കൗണ്ടിൽ നിന്നും കണ്ടെത്തണം.

ഹയർസെക്കൻഡറി വിഭാഗം ഉത്തരക്കടലാസ് വിതരണം ചെയ്യുന്ന മുറിയിലും ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പുകളിലേയ്ക്ക് അയയ്ക്കുന്ന മുറിയിലും സി.സി.ടി.വി സൗകര്യം ഏർപ്പെടുത്തണം.

ചോദ്യപേപ്പറുകളുടേയും ഉത്തരക്കടലാസുകളുടേയും പൂർണ ഉത്തരവാദിത്വം ചീഫ് സൂപ്രണ്ടിലും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിലും നിക്ഷിപതമായിരിക്കും.

ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി എന്നിവയ്ക്ക് വെവ്വേറെ ചീഫ് സൂപ്രണ്ടിനേയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനേയും നിയമിക്കണം. ഹൈസ്‌കൂൾ വിഭാഗത്തിൽ ഡി.ഇ.ഒയും ഹയർസെക്കൻഡറി വിഭാഗത്തിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റുമാണ് ഇൻവിജിലേറ്റർമാരെ നിയമിക്കേണ്ടത്. മൂന്നു വിഭാഗത്തിലേയും പരീക്ഷ ഒരുമിച്ച് നടത്തുമ്പോൾ മോണിറ്റർ ചെയ്യാൻ ഓരോ വിഭാഗത്തിനും അധികാരമുണ്ടായിരിക്കും. നിലവിലെ പ്രത്യേക സ്‌ക്വാഡുകൾ ഏകോപിപ്പിക്കാൻ പരീക്ഷാ കമ്മീഷണർക്ക് അധികാരമുണ്ട്‌