തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാടിലേക്ക് മാറുന്നതിന്റെ ഭാഗമായി 3000 രൂപയിൽ കൂടുതലുള്ള വൈദ്യുതി ബിൽ ഇനിമുതൽ കെ.എസ്.ഇ.ബി കൗണ്ടറുകളിൽ സ്വീകരിക്കില്ല. ഉപഭോക്താക്കൾ പണം ഒാൺലൈനിലൂടെ അടയ്‌ക്കേണ്ട ഈ പരിഷ്‌കാരം ജനുവരി ഒന്നിന് നിലവിൽ വരും.

ഇടപാടുകൾ ഒാൺലൈനിലാക്കാനും കാഷ് കൗണ്ടറുകൾ വെട്ടിക്കുറയ്‌ക്കാനുമാണ് ബോർഡിന്റെ തീരുമാനം. ഇതനുസരിച്ച് പ്രതിമാസ ബിൽകളക്ഷൻ 12000 രൂപയിൽ താഴെയുള്ള 174 സെക്ഷനുകളിൽ ഒരു കാഷ് കൗണ്ടറേ ഉണ്ടാകൂ. ഇവിടങ്ങളിലെ അധിക കൗണ്ടർ പൂട്ടും. കാഷ്യർ തസ്‌തികയും ഇല്ലാതാക്കും.

15000 ത്തിൽ താഴെ ഉപഭോക്താക്കളുള്ള സെക്ഷനുകളിൽ കാഷ് കൗണ്ടറിൽ രണ്ട് ഷിഫ്ടുണ്ടാകില്ല. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ ഒരു ഷിഫ്ടിൽ മാത്രമായിരിക്കും കൗണ്ടറിന്റെ പ്രവർത്തനം. അധിക കാഷ്യർ തസ്‌തികയും ഒഴിവാക്കും. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറക്കി.