sivagiri

ശിവഗിരി: ജീവിതം മറ്റുള്ളവർക്കായി ഉഴിഞ്ഞുവയ്ക്കുന്നതാണ് യധാർത്ഥ ഈശ്വരഭക്തിയെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ഇന്ന് ഭക്തി സ്വാർത്ഥമാകുന്നുവെന്നും ഈശ്വരനു മുന്നിൽ സ്വന്തം കാര്യങ്ങളടങ്ങിയ വലിയ നിവേദനങ്ങൾ സമർപ്പിക്കുന്ന തലത്തിലേക്ക് ഭക്തി മാറുന്നുവെന്നും ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ഈശ്വരഭക്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പണ്ട് ഈശ്വരനിഷേധിക്ക് ബുദ്ധിജീവിയുടെ പരിവേഷം നൽകി അംഗീകരിച്ചിരുന്നു. ഇന്ന് ഭക്തിയും വിശ്വാസവും വളരുന്നുണ്ട്. ആരാധനാലയങ്ങളിൽ തിരക്കേറുന്നു. ഞാൻ ആര് എന്ന ചോദ്യത്തിനുള്ള തിരിച്ചറിവാണ് ഈശ്വരഭക്തി. ഭക്തിയെക്കുറിച്ച് ഗുരു ദൈവദശകത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാം മറ്റുള്ളവർക്കു വേണ്ടി ചെയ്യുമ്പോഴേ ആദ്ധ്യാത്മികമായി ഉയരുകയുള്ളൂ
മനസ് സദ്ഭാവന കൊണ്ട് നിറയണം. അതിന് ഭക്തിയിലൂടെ സ്വാർത്ഥത വെടിയണം. അതിലേക്ക് ഒരു വ്യക്തിയെ ഉയർത്തുകയാണ് ഭക്തിയുടെ ലക്ഷ്യം.

ആത്മവിശ്വാസമുണ്ടാകണം എന്ന് ഗുരു പറഞ്ഞത് അവനവനെ അറിയണം എന്നതിനാണ്. അഹന്തയും സ്വാർത്ഥതയുമാണ് ഏറ്റവും വലിയ രോഗങ്ങൾ. തീർത്ഥാടനത്തിനായി ശിവഗിരിയിൽ വരുന്നത് ദർശനത്തിനാണെന്നും ആ ദർശനം ആന്തരികമായി ഉണ്ടാകണം എന്നും കുമ്മനം പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷനായിരുന്നു. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.വി. മോഹൻദാസ് മുഖ്യാതിഥിയായി. പ്രബുദ്ധ കേരളം മാസിക എഡിറ്റർ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ, ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ, സ്വാമി അസ്‌പൃശ്യാനന്ദ,​ സ്വാമി വിഖ്യാതാനന്ദ , തീർത്ഥാടക കമ്മറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ പങ്കെടുത്തു.