കോവളം: നിരോധിത ലൈറ്റുകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം തടഞ്ഞ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ച മുപ്പതോളം മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്. കഴിഞ്ഞ ദിവസം ലൈറ്റ് ഫിഷിംഗ് നടത്തുന്നവരെ കണ്ടെത്താൻ രാത്രി കടലിൽ പട്രോളിംഗിനിറങ്ങിയ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ അടിമലത്തുറ ഭാഗത്തെ കടലിൽ വെച്ചായിരുന്നു ആക്രമണം. പട്രോളിംഗ് ബോട്ടിനെ തടഞ്ഞുവച്ച എട്ട് വള്ളങ്ങളിലായെത്തിയ സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. മത്സ്യത്തൊഴിലാളികൾ വള്ളങ്ങളിൽ കയർ കെട്ടി മാർഗ തടസം സൃഷ്ടിച്ചതോടെ പ്രശ്‌നം ഒഴിവാക്കാൻ പട്രോൾ ബോട്ട് ഓടിച്ചു പോയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പിന്തുടർന്ന് വിഴിഞ്ഞം വാർഫിൽ എത്തിയും പ്രശ്‌നമുണ്ടാക്കി. പ്രശ്‌നം രൂക്ഷമായതോടെ തീരദേശ പൊലീസും വിഴിഞ്ഞം പൊലീസും എത്തിയതോടെയാണ് സംഘം മടങ്ങിയത്. തുടർന്നാണ് കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസെടുത്തത്. ഈ സംഭവത്തിന്റെ തലേന്ന് നിരോധിത മാർഗത്തിൽ മീൻ പിടിച്ച ഒരു വള്ളത്തിൽ ഉറപ്പിച്ചിരുന്ന ലൈറ്റും ബാറ്ററിയും അധികൃതർ പിടിച്ചെടുത്തിരുന്നു. ഇത് വിട്ടുനൽകാത്തതിന്റെ പ്രതികാരമാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതർ പറഞ്ഞു.