കാട്ടാക്കട: വനം വകുപ്പ് താത്കാലിക ജീവനക്കാർ ഇത്തവണയും ക്രിസ്മസ്, പുതുവത്സരകാലത്ത് പട്ടിണിയിൽ. നവംബറിലെ ശമ്പളം ജനുവരിയായിട്ടും ലഭിച്ചിട്ടില്ല. വാച്ചറായിട്ടാണ് താത്കാലിക നിയമനമെങ്കിലും ഇവരെ വിവിധ ജോലികൾക്ക് നിയോഗിക്കാറുണ്ട്. 700 രൂപയാണ് ദിവസ വേതനം. മാസം 26 ദിവസമുണ്ടായിരുന്ന ഡ്യൂട്ടി 20 ദിവസമായി കുറക്കുകയും ചെയ്തു.

വർഷങ്ങളായി ഇവർക്ക് ഒന്നരമാസത്തെ ഇടവേളയിലാണ് വേതനം ലഭിക്കുന്നത്. മറ്റു ജോലികൾക്ക് പോകാൻ നിവർത്തിയില്ലാതെ, ആദിവാസികൾ ഉൾപ്പെടുന്ന ഇവരുടെ ജീവിതം ദുസ്സഹമാണ്. പ്രതിഷേധിച്ചാൽ പിരിച്ചു വിടുമെന്ന് പേടിച്ചാണ് ഇവർ മിണ്ടാത്തത്. വനംവകുപ്പിന്റെ വൻ തുക പല പദ്ധതികളിലൂടെ പാഴാകുമ്പോഴാണ് കാടുകാക്കുന്ന ദിവസവേതനക്കാർ പട്ടിണി കിടക്കേണ്ടിവന്നിരിക്കുന്നത്.