ശബരിമല: തിരക്ക് നിയന്ത്രണത്തിന്റെ പേരിൽ സോപാനത്തിന് മുന്നിലെത്തുന്ന തീർത്ഥാടകർക്ക് നേരെ പൊലീഅനാവശ്യമായി ബലപ്രയോഗം നടത്തുന്നതായി വ്യാപക പരാതി. മണിക്കൂറുകൾ കാത്തുനിന്ന് അയ്യപ്പ സന്നിധിയിൽ എത്തുന്ന തീർത്ഥാടകർക്ക് പൊലീസുകാരുടെ തള്ളുമൂലം ദർശനം ലഭിക്കുന്നില്ല. കൂടുതലും അന്യസംസ്ഥാന തീർത്ഥാടകരോടാണ് പൊലീസിന്റെ ക്രൂരമായ പെരുമാറ്റം.
ദർശനം ലഭിക്കാത്ത തീർത്ഥാടകർ പൊലീസിനോട് കയർത്ത് സംസാരിക്കുന്നതും പതിവാണ്. നട തുറന്ന ആദ്യ ദിനം തന്നെ ഇത്തരം നിരവധി പരാതികളാണ് ഉയർന്നത്. ദർശനം ലഭിച്ചില്ലെന്ന് പരാതിപ്പെടുന്നവരെ പൊലീസ് ശ്രീകോവിലിന് സമീപത്ത് നിന്ന് തള്ളി പുറത്താക്കുകയാണ് ചെയ്യുന്നത്. പൊലീസിന്റെ ഉന്തിലും തള്ളിലും നിരവധി പേർ നിലത്ത് വീഴുകയും ചെയ്യുന്നുണ്ട്.
മണ്ഡലകാലത്ത് മൂന്നാം ഘട്ടം ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രണത്തിന് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ചത് വ്യാപക പരാതിക്ക് കാരണമായിരുന്നു. പ്രധാനമായും മരക്കൂട്ടത്തും ശരംകുത്തിയിലുമായിരുന്നു പൊലീസിന്റെ വടി പ്രയോഗം.
മാത്രമല്ല കാനനപാതയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ ആഹാരവും വെള്ളവും ലഭിക്കാത്ത ഇടങ്ങളിൽ മണിക്കൂറുകളോളം തടയുകയും ചെയ്തു. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളെ തുടർന്ന് തീർത്ഥാടകർ ദുരിതത്തിലായതോടെ ദേവസ്വം ബോർഡും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.
ഇതെല്ലാം കണക്കിലെടുത്ത് പൊലീസുകാർ തീർത്ഥാടകരോട് ക്ഷമയോടെ പെരുമാറണമെന്ന് നാലാംഘട്ട ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്പെഷ്യൽ ഓഫീസർ പ്രത്യേക നിർദ്ദേശം നൽകി. മാത്രമല്ല പൊലീസിനുള്ള 57 ഇന നിർദേശങ്ങൾ അടങ്ങിയ തീർത്ഥാടന കൈപ്പുസ്തകവും വിതരണം ചെയ്തു. എന്നാൽ ഇത് വായിച്ചു നോക്കുകയോ പൊലിസ് ചീഫിന്റെ നിർദ്ദേശം ചെവിക്കൊള്ളുകയോ ചെയ്യാൻ പൊലീസ് തയ്യാറാകാത്തതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. തീർത്ഥാടകരോട് പൊലീസ് ക്രൂരമായി പെരുമാറുന്നത് തുടർച്ചയായതോടെ പതിനെട്ടാം പടിയിലും സോപാനത്തും പൊലീസിനെ ഒഴിവാക്കി ദേവസ്വം ഗാർഡുകളെ നിയോഗിക്കുന്ന കാര്യവും ബോർഡിന്റെ സജീവ പരിഗണനയിലാണ്.