തിരുവനന്തപുരം: ഉച്ചനീചത്വങ്ങളുടെ ചങ്ങലക്കെട്ടുകളിൽ നിന്ന് മനുഷ്യനെ മോചിപ്പിച്ച് സ്വതന്ത്രനാക്കിയ ശ്രീനാരായണ ഗുരുദേവനാണ് മലയാളമണ്ണിലെ ആദ്യ മനുഷ്യാവകാശ പ്രവർത്തകനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ശിവഗിരിയിൽ മാദ്ധ്യമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ ദീർഘവീക്ഷണമാണ് അരുവിപ്പുറം പ്രതിഷ്ഠയിലുൾപ്പെടെ പ്രതിഫലിക്കുന്നത്. മനുഷ്യനെ ഒന്നായി കാണാൻ അദ്ദേഹം പ്രവൃത്തിയിലൂടെ പഠിപ്പിച്ചു. അതുകൊണ്ടാണ് അദ്ദേഹം വിശ്വഗുരുവായി ഉയർന്നത്. അറിയാനും അറിയാക്കാനും വേണ്ടിയായിരുന്നു ഗുരുവിന്റെ ഓരോ പ്രവർത്തനവും. ഗുരു മുന്നോട്ടുവച്ച ഈ ആശയങ്ങളാണ് വർത്തമാനകാലത്ത് മാദ്ധ്യമങ്ങൾ നിറവേറ്റുന്നത്. ജനാധിപത്യത്തിലെ വിജിലൻസ് സംവിധാനമാണ് ഓരോ മാദ്ധ്യമവും. മാദ്ധ്യമങ്ങളുടെ രൂക്ഷമായ വിമർശനത്തിന് പലരും വിധേയരായിട്ടുണ്ട്. ഞാനും ഇരയായിട്ടുണ്ട്. എനിക്കുനേരെ ഉണ്ടായ വിമർശനങ്ങൾ ഞാൻ ഉൾക്കൊണ്ടു. സമാധാനത്തിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാൻ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണം. അതാണ് ഗുരുദേവ മാർഗം. ക്ഷോഭം അല്ല, ലക്ഷ്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക് അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാരനെ ശാക്തീകരിക്കാനാണ് ഗുരുദേവൻ ശ്രമിച്ചത്. സമാനമായ രീതിയിൽ സമൂഹത്തെ ശാക്തീകരിക്കാനുള്ള കടമയാണ് മാദ്ധ്യമങ്ങൾക്കുള്ളത്. സത്യസന്ധതയും നിഷ്പക്ഷതയുമാണ് മാദ്ധ്യമങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത്. വർത്തമാനകാല സാഹചര്യത്തിൽ മാദ്ധ്യമങ്ങൾക്ക് അത് കഴിയുന്നുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മലയാളമനോരമ ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് എബ്രഹാം, മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദു റഹ്മാൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ ശങ്കർ ഹിമഗിരി, ന്യൂ ഇന്ത്യൻ എക്‌പ്രസ് ബ്യൂറോ ചീഫ് എസ്.അനിൽ, ജന്മഭൂമി എഡിറ്റർ പി.ശ്രീകുമാർ, മംഗളം അസിസ്റ്റന്റ് എഡിറ്റർ സജിത്ത് പരമേശ്വരൻ, മറുനാടൻ മലയാളി ചെയർമാൻ സാജൻ സക്കറിയ, ശിവഗിരി ടി.വി. സി.ഇ.ഒ ഡോ.മഹേഷ് കിടങ്ങിൽ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ശിവഗിരിമഠം കർമ്മയോഗ പ്രവർത്തകൻ ഷിബു കടയ്ക്കാവൂർ നന്ദിയും പറഞ്ഞു.