നീതി ആയോഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട 2019-ലെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം എഴുപതു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിറുത്തിയെന്ന വാർത്ത സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ അഭിമാനകരമാണ്. കഴിഞ്ഞ വർഷവും കേരളത്തിനു തന്നെയായിരുന്നു പ്രഥമ സ്ഥാനം. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇക്കുറി ഒന്നാം സ്ഥാനത്തിന് അർഹത നേടിയത് ചണ്ഡിഗറാണ്. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുള്ള വികസന മാനദണ്ഡങ്ങൾ എത്രത്തോളം പ്രാവർത്തികമായിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വികസന സൂചിക തയ്യാറാക്കിയിട്ടുള്ളത്. ഓരോ രംഗത്തും സംസ്ഥാനങ്ങൾക്കു നേടാൻ കഴിഞ്ഞ പുരോഗതി നീതി ആയോഗിന്റെ പട്ടികയിൽ നിന്ന് അറിയാനാകും. പ്രധാനമായും പതിനാറു വികസന മാനദണ്ഡങ്ങളാണ് പരിശോധിക്കുന്നത്. തൊഴിൽ അവസരങ്ങൾ, സാമ്പത്തിക വളർച്ച, ഉത്പാദനത്തിലും ഉപഭോഗത്തിലുമുള്ള മുന്നേറ്റം, ആരോഗ്യ മേഖല, വിദ്യാഭ്യാസം, ഇൻഷ്വറൻസ് പരിരക്ഷ, ശുദ്ധജല ലഭ്യത, ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികൾ തുടങ്ങിയ മേഖലകളിലെ പുരോഗതിയാണ് പ്രധാനമായും വിലയിരുത്തുന്നത്. ഇവയിൽ പലതിലും കേരളം പ്രശംസാർഹമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തൽ. നേട്ടം കൈവരിച്ചതിന് നീതി ആയോഗ് സംസ്ഥാനത്തെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട്. നന്നായി ശ്രമിച്ചാൽ എല്ലാ മേഖലകളിലും നൂറു പോയിന്റ് നേടി ഇന്ത്യയ്ക്കാകെ മാതൃകയാകാൻ കഴിയുമെന്നും ഓർമ്മിപ്പിക്കുന്നു.
സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സൂചികകളിൽ കേരളത്തിന്റെ റാങ്കിംഗ് ഏറെ മെച്ചപ്പെട്ടതാണ്. കേരളം കഴിഞ്ഞാൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സംസ്ഥാനങ്ങളിൽ ഹിമാചൽപ്രദേശാണ് മുന്നിൽ. 69 പോയിന്റാണ് ഹിമാചൽ നേടിയത്. 67 പോയിന്റ് വീതം നേടിയ ആന്ധ്ര, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ മൂന്നാം സ്ഥാനത്തുണ്ട്. വികസന രംഗത്ത് ഇപ്പോഴും പിന്നിൽത്തന്നെ നിൽക്കുന്ന ബീഹാറാണ് സുസ്ഥിര വികസന സൂചികയിൽ ഏറെ പിന്നിലുള്ളത്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലയും മെച്ചമൊന്നുമല്ല.
ദിവസം ഇരുപത്തേഴു രൂപയുണ്ടെങ്കിൽ ഒരു കുടുംബത്തിനു പട്ടിണിയില്ലാതെ കഴിയാമെന്ന വിചിത്ര വാദഗതിയുമായി രംഗത്തുവന്ന പഴയ ആസൂത്രണ കമ്മിഷന്റെ സ്ഥാനം ഏറ്റെടുത്ത നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയനുസരിച്ച് രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്. ദാരിദ്ര്യവും രോഗപീഡകളും വലിയൊരു ജനവിഭാഗം ഇന്നും നേരിടുന്ന ശാപമാണ്. ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികൾ വൻതോതിൽ നടപ്പാക്കിയിട്ടും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതിന്റെയും സ്ഥിതി ശോഭനമല്ല. ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പല പദ്ധതികളും ഉദ്ദേശിച്ച ഫലം നൽകുന്നതിൽ പരാജയപ്പെടുന്നതാണ് ഇതിനു കാരണം. വ്യവസായ രംഗത്ത് നിലനിൽക്കുന്ന മാന്ദ്യം ഒട്ടേറെ തൊഴിലവസരങ്ങൾ ഇല്ലാതാക്കി. സാമ്പത്തിക രംഗത്തെ തിരിച്ചടികൾ ശമ്പള വിഭാഗക്കാരെ ബാധിക്കാറില്ലെങ്കിലും സമൂഹത്തിലെ സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്നുണ്ട്. വികസനത്തെയും അത് പിന്നോട്ടടിക്കുന്നു.
നീതി ആയോഗിന്റെ വികസന സൂചികയിൽ ദേശീയ ശരാശരി 60 ആണ്. അതിൽ നിന്ന് പത്തു പോയിന്റ് കൂടി മുന്നിലെത്താൻ കഴിഞ്ഞ കേരളത്തിന് വ്യവസായം, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ ഏറെ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞു. ഏറ്റവും കൂടുതൽ പോയിന്റുകളും ഈ മേഖലകൾക്കാണ്. അതേസമയം മാലിന്യ സംസ്കരണം, ശുദ്ധജല ലഭ്യത എന്നിവയുടെ കാര്യത്തിൽ സ്ഥിതി ഏറെ മെച്ചപ്പെടാനുണ്ടെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തൽ. സംസ്ഥാനം ഇന്നു നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്നങ്ങളായി ഇവ മാറിയിട്ടുണ്ട്. മാലിന്യ സംസ്കരണ വിഷയത്തിൽ കാലമിത്രയുമായിട്ടും ജനങ്ങൾക്കു സ്വീകാര്യമായ ഒരു പദ്ധതി മുന്നോട്ടുവയ്ക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. മാലിന്യ സംഭരണവും സംസ്കരണവും തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കാര്യമാണെങ്കിലും സർക്കാരിന് അങ്ങനെയങ്ങ് ഒഴിഞ്ഞുനിൽക്കാനാവില്ല.
കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കാനുള്ള സർക്കാർ പദ്ധതി കടലാസ് വിട്ട് പുറത്തുവരുന്നില്ല. സംസ്ഥാനത്ത് എവിടെ ചെന്നാലും മാലിന്യങ്ങളുടെ വൻ ശേഖരം കാണാം. വഴിനീളെ ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങൾ കൊണ്ട് സമൃദ്ധമാണ് കുടിവെള്ള സ്രോതസുകളും പുഴകളും കായലുകളും. സമുദ്രങ്ങൾ പോലും മാലിന്യം കൊണ്ടു വീർപ്പുമുട്ടുകയാണിന്ന്. അനേകം പുഴകളും തെളിനീരരുവികളും കുളങ്ങളുമൊക്കെയുള്ള സംസ്ഥാനത്ത് ശുദ്ധമായ കുടിനീർ അസുലഭ വസ്തുവാണിപ്പോൾ. ജലസ്രോതസുകളെ അത്രമേൽ വിഷലിപ്തമാക്കിയതിന്റെ തിരിച്ചടിയാണിത്. മാലിന്യ സംസ്കരണ വിഷയത്തിൽ കൂടുതൽ ജാഗ്രത കാണിച്ചില്ലെങ്കിൽ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാകുമെന്ന് ഓർമ്മിപ്പിക്കുന്നതാണ് നീതി ആയോഗിന്റെ റിപ്പോർട്ട്.
കേരളത്തെ മുൻനിരയിൽ പ്രതിഷ്ഠിക്കുന്ന നീതി ആയോഗ് റിപ്പോർട്ട് പുറത്തുവന്ന ദിവസം തന്നെ സംസ്ഥാനത്തിന് ആശ്വാസം തരുന്ന മറ്റൊന്നു കൂടി ഉണ്ടായി. വനവിസ്തൃതിയുടെ കാര്യത്തിൽ 2019 ൽ കേരളത്തിന് അഭിമാനാർഹമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണ് അത്. രണ്ടുവർഷത്തിനിടെ രാജ്യത്ത് വനവിസ്തൃതി 5188 ചതുരശ്ര കിലോമീറ്റർ വർദ്ധിച്ചപ്പോൾ കേരളത്തിന്റെ വിഹിതം 823 ചതുരശ്ര കിലോമീറ്ററാണ്. ഈ രംഗത്ത് കേരളം മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. കർണാടകയും ആന്ധ്രയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. വനം നശീകരണത്തിന്റെ വിപത്തുകൾ മനസിലാക്കിയതിന്റെ ഗുണപാഠമാണ് കേരളത്തിലും പ്രകടമാകുന്നത്. അതേസമയം കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വനവിസ്തൃതി കുറഞ്ഞത് ഗൗരവപൂർവമായ വിലയിരുത്തലിനു വിധേയമാക്കേണ്ടതുണ്ട്. കാട്ടുകള്ളന്മാരുടെയും കൈയേറ്റക്കാരുടെയും അതിക്രമങ്ങൾക്ക് അവസാനമായിട്ടില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.