kerala-legislative-assemb

തിരുവനന്തപുരം: ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ അംഗങ്ങളുടെ സംവരണം പത്തുവർഷത്തേക്ക് നീട്ടാനുള്ള ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.

വിദ്യാഭ്യാസപരമായി ദീർഘകാലം പിന്നാക്കാവസ്ഥ അനുഭവിച്ച വിഭാഗങ്ങൾക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹിക, സാമ്പത്തിക നീതി കിട്ടാൻ എല്ലാ തലങ്ങളിലും മതിയായ പ്രാതിനിദ്ധ്യം പ്രത്യേകമായി ഉറപ്പുവരുത്തുന്നത് തുടരണമെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് ജനുവരി 26ന് അവസാനിക്കുന്ന പ്രത്യേക പ്രാതിനിദ്ധ്യം തുടർന്നും ലഭിക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്ന മറ്റൊരു പ്രമേയവും നിയമസഭ പാസാക്കി. ബി.ജെ.പി അംഗം ഒ.രാജഗോപാലും ഈ പ്രമേയത്തെ അനുകൂലിച്ചു.

ജാതിവ്യവസ്ഥയും ഉച്ചനീചത്വവും കൊടികുത്തി വാണിരുന്ന സമൂഹത്തിൽ പിന്തള്ളപ്പെട്ട വിഭാഗങ്ങളുടെ പുരോഗതിക്ക് പ്രത്യേക പ്രാതിനിദ്ധ്യം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യസ്ഥിതിയിൽ മാ​റ്റങ്ങളുണ്ടായെങ്കിലും ഇന്നും ജാതിവ്യവസ്ഥ പല തട്ടിലും നിലനിൽക്കുന്നു. രാജ്യത്ത് പല ഗ്രാമങ്ങളിലും ആവാസവ്യവസ്ഥയിൽ പോലും ജാതി മുഖ്യഘടകമാണ്. ജനങ്ങളെ വേർതിരിക്കുന്ന ജാതിമതിൽ സ്വാതന്ത്റ്യം നേടി എഴുപത് വർഷങ്ങൾക്ക് ശേഷവും നിലനിൽക്കുന്നത് ദൗർഭാഗ്യകരമാണ്. ജനകീയ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലുകളാണ് കേരളത്തിൽ അനാചാരങ്ങളെ ചരിത്രത്തിന്റെ ചവ​റ്റുകുട്ടയിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികവിഭാഗങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്നും വിവിധ സംസ്ഥാനങ്ങളിൽ അവർ നേരിടുന്ന പ്രശ്‌നം ഗുരുതരമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് 296 ആംഗ്ലോ ഇന്ത്യക്കാർ മാത്രമാണുള്ളതെന്ന തെറ്റായ വിവരം നൽകിയ കേന്ദ്രസർക്കാർ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. 3.47ലക്ഷം ആംഗ്ലോഇന്ത്യക്കാർ രാജ്യത്തുണ്ട്. വസ്തുത മനസിലാക്കി കേന്ദ്രസർക്കാർ തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിൽ ഒരുലക്ഷം ആംഗ്ലോ ഇന്ത്യക്കാരുണ്ടെന്നും ഭാഷാ മത ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക പ്രാതിനിദ്ധ്യം തുടരണമെന്നും സഭയിലെ ആംഗ്ലോ ഇന്ത്യൻ അംഗം ജോൺ ഫെർണാണ്ടസ് ആവശ്യപ്പെട്ടു.

പട്ടികവിഭാഗ സംവരണത്തോടൊപ്പം ആംഗ്ലോഇന്ത്യൻ സംവരണവും തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആംഗ്ലോഇന്ത്യൻ പ്രാതിനിദ്ധ്യം തുടരുന്നതിനുള്ള തന്റെ ഭേഗദതി പരിഗണിച്ചില്ലെന്നും അംഗങ്ങൾക്ക് വിതരണം ചെയ്തില്ലെന്നും കെ.സി.ജോസഫ് കുറ്റപ്പെടുത്തി. എന്നാൽ സ്റ്റാറ്റ്യൂട്ടറി പ്രമേയത്തിന് ഭേദഗതി അംഗീകരിക്കുന്ന കീഴ്‌വഴക്കമില്ലെന്നും സർക്കാർ പ്രത്യേക പ്രമേയം കൊണ്ടുവരുന്നതിനാൽ അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. പട്ടികവിഭാഗങ്ങളുടെ സംവരണം തുടരുന്ന ഭരണഘടനാ ഭേദഗതി അംഗീകരിക്കാനുള്ള പ്രമേയത്തിന്റെ ഉള്ളടക്കം കേന്ദ്രം സ്പീക്കറുടെ ഓഫീസിനെ അറിയിച്ചതാണെന്നും അതിൽ മാറ്റം വരുത്താനാവില്ലെന്നും മന്ത്രി എ.കെ.ബാലനും വ്യക്തമാക്കി. പട്ടികസംവരണത്തെ അനുകൂലിക്കുന്ന പ്രമേയം ഒരു വ്യവസ്ഥയോടെ അംഗീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെ സ്പീക്കർ വോട്ടെടുപ്പിലേക്ക് കടന്നു.