തിരുവനന്തപുരം: രാജ്യത്തെ ജനതയിലെ മഹാഭൂരിപക്ഷത്തെ രണ്ടാംകിട പൗരന്മാരാക്കാനും ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച് തകർക്കാനുമുള്ള ആർ.എസ്.എസ്, സംഘപരിവാർ അജൻഡയുടെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ദേശീയ പ്രസ്ഥാനത്തെയോ അതിന്റെ മൂല്യങ്ങളെയോ ഭരണഘടനയെയോ അംഗീകരിക്കാത്ത ആർ.എസ്.എസിന്റെ അപകടകരമായ ആശയങ്ങൾ നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ. മുസോളിനിയുടെ സംഘടനാ രീതികളും ഹിറ്റ്‌ലറുടെ ആശയങ്ങളും കടം കൊണ്ട ആർ.എസ്.എസ് ആർഷഭാരത സംസ്കാരമല്ല, ഹിറ്റ്‌ലറുടെ ആശയങ്ങളാണ് അംഗീകരിക്കുന്നതെന്ന് മോദി സർക്കാർ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ നിന്ന് വ്യക്തമാണ്. വിവാഹ മോചനം മുസ്ലിങ്ങൾക്ക് മാത്രം ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതാണ് മുത്തലാഖ് നിയമം. മറ്റ് മതസ്ഥർക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിവിൽ കേസുകളുടെ പരിധിക്കകത്താണ്. രാജ്യത്തെ മറ്റ് 13 സംസ്ഥാനങ്ങൾക്ക് സവിശേഷ നിയമങ്ങൾ നിലനിൽക്കെ, മുസ്ലിം ഭൂരിപക്ഷമുള്ള ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കിയ 370-ാം വകുപ്പ് എടുത്തുമാറ്റി. പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം ഉയർന്ന ഘട്ടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകി. മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് അവകാശം നൽകുന്നു.
ജർമ്മനിയിൽ ഹിറ്റ്‌ലർ നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലുള്ളതാണ് തങ്ങളുടെ ആശയപരമായ കാഴ്ചപ്പാടും സംഘടനാ സംവിധാനവുമെന്ന് ആർ.എസ്.എസ് സ്ഥാപക നേതാക്കളിലൊരാളായ ബി.എസ്. മുംഞ്ചെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സെമിറ്റിക് വംശജരായ ജൂതന്മാരെ പിഴുതെറിഞ്ഞ് ജർമ്മനി നടത്തിയ വംശഹത്യയിൽ നിന്ന് ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിക്കാനും പ്രയോഗിക്കാനും കഴിയണമെന്ന് ഗോൾവാൾക്കറുടെ പുസ്തകത്തിലുണ്ട്. ഹിറ്റ്‌ലറുടെ പാതയാണ് തങ്ങളുടേതെന്നും ന്യൂനപക്ഷ വിഭാഗങ്ങളും മറ്റും എങ്ങനെയാണ് ജീവിക്കേണ്ടതെന്നും ആർ.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്. ഒന്നുകിൽ, ദേശീയവംശത്തിൽ സ്വയം ലയിക്കുകയും അതിന്റെ സംസ്കാരം സ്വീകരിക്കുകയും ചെയ്യുക. അല്ലെങ്കിൽ, ദേശീയവംശം അനുവദിക്കുന്ന കാലത്തോളം അതിന്റെ ദയയിൽ കഴിയുകയും പിന്നെ നാടുവിടുകയും ചെയ്യുക. പൗരാവകാശങ്ങൾ പോലുമില്ലാതെ ഹിന്ദുരാഷ്ട്രത്തിന് പൂർണമായും വഴങ്ങി വേണമെങ്കിൽ അവർക്ക് ഈ രാജ്യത്തു കഴിയാം. മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരെയാണ് ആന്തരിക ഭീഷണികളായി കാണുന്നത്. പട്ടികവിഭാഗങ്ങളെ മനുഷ്യരായിപ്പോലും അവർ കണക്കാക്കുന്നില്ല. ഒന്നിച്ചുനിന്ന് എതിർത്തില്ലെങ്കിൽ ഇത്തരം അജൻഡകൾ ഇനിയും ഒന്നൊന്നായി രൂപപ്പെടും- മുഖ്യമന്ത്രി പറഞ്ഞു.