chennithala

തിരുവനന്തപുരം: മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് പൗരത്വ ഭോദഗതി നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ താൻ കൊടുത്ത കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണം. ജാതിക്കും മതത്തിനും അതീതമായി ജനം പ്രക്ഷോഭത്തിലാണ്. നാല് രാഷ്ട്രത്തലവന്മാർ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കി. വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്കെതിരെ പ്രമേയം പാസാക്കി. ഐക്യരാഷ്ട്രസഭയും അപലപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാനം താഴ്‌ന്നു. നരേന്ദ്ര മോദി മാത്രം വിചാരിച്ചാൽ സെൻസസ് നടപ്പാക്കാനാവുമോ? സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ കേന്ദ്രത്തിൽ മുന്നോട്ടുപോകാനാവില്ല. പൗരത്വഭേദഗതി നിയമം അറബിക്കടലിലാണെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി കണക്കാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ പറഞ്ഞു. ദേശീയത ചിലർക്കു മാത്രം പറഞ്ഞിട്ടുള്ളതല്ല. ത്രിവർണ പതാക രാജ്യത്തിന് ഹാനികരമെന്ന് ആർ.എസ്.എസ് മുഖപത്രത്തിലെഴുതിയവർ തങ്ങളെ ദേശീയത പഠിപ്പിക്കേണ്ട.. മുസ്ലിങ്ങൾക്കെതിരായ പ്രശ്‌നം മാത്രമല്ല ഇത്. നാളെ ദളിത്, ക്രിസ്ത്യൻ, ന്യൂപക്ഷ വിഷയമായി മാറും. പ്രക്ഷോഭം നടത്തുന്നവരെ ഗുരുതര കുറ്റം ചുമത്തി ജയിലിലിടുന്ന കേരള പൊലീസ് ബി.ജെ.പിയുടെ ചട്ടുകമായി മാറിയെന്നും മുനീർ പറഞ്ഞു.

കേന്ദ്രസർക്കാർ പറയുന്നത് പോലെ കുറേപേർക്ക് പൗരത്വം നൽകാനല്ല ഭേദഗതിയെന്നും പൗരത്വ പട്ടികയും പൗരത്വ ഭേദഗതിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും വി.ഡി.സതീശൻ പറഞ്ഞു. പൗരത്വനിയമ ഭേദഗതി റദ്ദാക്കണമെന്നും പട്ടാളവും തോക്കുമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും സി.ദിവാകരൻ പറഞ്ഞു. പ്രതിഷേധിക്കുന്നവർക്കെതിരെ യു.എ.പി.എ ചുമത്തുന്ന കേരള പൊലീസിന്റെ കൂറ് നാഗ്പൂരിൽ അല്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് ഷാഫിപറമ്പിൽ പറഞ്ഞു. അഭയാർത്ഥികളെ സ്വീകരിക്കുന്നത് മതം നോക്കിയല്ല, മനുഷ്യത്വം നോക്കിയാവണമെന്ന് എം.സ്വരാജ് പറഞ്ഞു. പത്ത് ദിവസം ഏജീസ് ഓഫീസിന്റെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന തരത്തിൽ ഭരണ, പ്രതിപക്ഷങ്ങൾ യോജിച്ച് സമരം നടത്തണമെന്ന് പി.സി.ജോർജ് ആവശ്യപ്പെട്ടു. ജെയിംസ് മാത്യു, കെ.വി.അബ്ദുൾഖാദർ, മോൻസ് ജോസഫ്, കെ.ബി.ഗണേശ്കുമാർ, ഇ.എസ്.ബിജിമോൾ, കോവൂർ കുഞ്ഞുമോൻ, മാണി.സി കാപ്പൻ, അനൂപ് ജേക്കബ്, എ.എൻ.ഷംസീർ, എം.കെ.മുനീർ എന്നിവരും സംസാരിച്ചു.