o-rajagopal-

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബി.ജെ.പി അംഗം ഒ.രാജഗോപാൽ എതിർത്തില്ല. ചർച്ചയ്‌ക്കു ശേഷം പ്രമേയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കൈ ഉയർത്താൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ രാജഗോപാൽ തലകുനിച്ചിരുന്നു.

പൗരത്വനിയമത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ 'കേരളകൗമുദി'യോട് പറഞ്ഞു. നിയമത്തിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രമേയത്തിൽ എന്തു നിലപാടെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടില്ല. അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനിൽക്കാനാണ് താൻ തീരുമാനിച്ചത്. അതിനാലാണ് എതിർത്ത് കൈപൊക്കാതിരുന്നത്. ഇത് വ്യക്തിപരമായ നിലപാടാണ് - രാജഗോപാൽ പറഞ്ഞു.

പ്രമേയത്തെ താൻ എതിർത്തിട്ടില്ലെന്ന് രാജഗോപാൽ പിന്നീട് കേരളകൗമുദിയോട് പറഞ്ഞു.

രാഷ്ട്രീയ ലാഭത്തിന് ചിലർ അർദ്ധസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രമേയ ചർച്ചയിൽ രാജഗോപാൽ പറഞ്ഞു. ഇന്ന മതക്കാരേ രാജ്യത്ത് പാടുള്ളൂ എന്നും ഇന്ന മതക്കാർക്കേ രാജ്യത്ത് അവകാശമുള്ളൂ എന്നും ആരും പറഞ്ഞിട്ടില്ല. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമം മുസ്ലിങ്ങൾക്ക് എതിരാണെന്നാണ് പ്രചാരണം. മുസ്ലിമായ അബ്ദുൾകലാമിനെ രാഷ്‌ട്രപതിയാക്കിയത് ബി.ജെ.പിയാണെന്ന് വിമർശകർ ഓർക്കണം. വിനോദസഞ്ചാരികളും കച്ചവടക്കാരുമെല്ലാം ഇവിടെ എത്താറുണ്ട്. അവരാരും പൗരൻമാരല്ല. പൗരത്വമെന്നാൽ അധികാരം കൊടുക്കലാണ്. ജാതിക്കും മതത്തിനും അതീതമായി നാട്ടിൽ ജീവിക്കുന്ന, നമ്മുടെ സംസ്‌കാരത്തിൽ അഭിമാനിക്കുന്ന, രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം പൗരൻമാരാണ്.

ഇന്ന മതക്കാർക്ക് പൗരത്വം കൊടുക്കില്ല എന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു എന്ന് പ്രചരിപ്പിച്ച് കുതിരകയറാനുള്ള ശ്രമം വൃഥാവിലാകും.

ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ചത്. ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥമെന്നു പ്രധാനമന്ത്റി നരേന്ദ്ര മോദിയും പറഞ്ഞിട്ടുണ്ട് - രാജഗോപാൽ പറഞ്ഞു.

സഭ സമ്മേളിക്കാനായി സ്പീക്കർ എത്തിയപ്പോൾ തന്നെ എതിർപ്പുമായി രാജഗോപാൽ എഴുന്നേറ്റിരുന്നു. കേന്ദ്രനിയമത്തിനെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞതോടെ സഭയിൽ ബഹളമായി. എന്നാൽ സഭ തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞ സ്പീക്കർ പട്ടിക വിഭാഗ സംവരണം പത്തുവർഷം നീട്ടാനുള്ള ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ചുള്ള പ്രമേയമാണ് ആദ്യം പരിഗണിക്കുന്നതെന്ന് വ്യക്തമാക്കി. രാജഗോപാലിന്റെ പ്രതിഷേധം തെറ്റിദ്ധരിച്ചുള്ളതാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.