തിരുവനന്തപുരം: തമ്പാനൂർ പൊലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തമ്പാനൂർ ന്യൂ തിയേറ്ററിന് എതിർവശത്താണ് നാലു നിലയിലുള്ള പുതിയ കെട്ടിടത്തിന് 2.50 കോടിയാണ് ചെലവ്. കേന്ദ്രസർക്കാർ 2006ൽ സംസ്ഥാനത്തിന് അനുവദിച്ച ആദ്യത്തെ സ്‌മാർട്ട് പൊലീസ് സ്‌റ്റേഷനായിരുന്നു തമ്പാനൂർ സ്‌റ്റേഷൻ. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ തുകയും അനുവദിച്ചിരുന്നു. എന്നാൽ റോഡ്, പാലം എന്നിവയുടെ വീതി കൂട്ടൽ, ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കൽ എന്നിവ വൈകിയതിനാൽ കെട്ടിട നിർമ്മാണം തുടങ്ങാൻ വൈകുകയായിരുന്നു. പിന്നീട് പ്ലാനിൽ മാറ്റം വരുത്തുകയും ചെയ്‌തു. ലിഫ്റ്റ് സൗകര്യമുള്ള പൊലീസ് സ്റ്റേഷനിൽ കമ്പ്യൂട്ടർ, വയർലെസ്, കാമറ, വൈഫൈ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.