തിരുവനന്തപുരം: ഒരാളുടെ കൈയിൽ എത്ര ഭൂമിയുണ്ടെന്ന് തിരിച്ചറിയുന്ന ലാൻഡ് കാർഡ് സമ്പ്രദായം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിലൂടെ ഭൂമി കൈവശമുള്ളവർക്ക് ഒരു ലാൻഡ് കാർഡുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒരാളുടെ പേരിലുള്ള ഭൂമിയെല്ലാം ഇതിൽ രേഖപ്പെടുത്തും. ഇപ്പോൾ ആന്ധ്രയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ ലാൻഡ് കാർഡുള്ളത്.
ഭൂമി കൈമാറ്രം ചെയ്യുന്നതിനനുസരിച്ച് കാർഡിലും മാറ്രമുണ്ടാകും. ഇതിന് മുന്നോടിയായി ഒരാളുടെ പേരിൽ സംസ്ഥാനത്താകെയുള്ള ഭൂമിക്ക് ഒരുതണ്ടപ്പേരാക്കാനും അത് ആധാറുമായി ലിങ്ക് ചെയ്യാനും നടപടി തുടങ്ങി. ഭൂമി കൈമാറ്രത്തിന് ആധാർ നിർബന്ധമാക്കണമെങ്കിൽ പോക്കുവരവ് നിയമം ഭേദഗതി ചെയ്യണം. തിരിച്ചറിയലിന് ആധാർ കാർഡുപയോഗിക്കാമെങ്കിലും, സേവനങ്ങൾക്ക് അത് നിർബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയുള്ളതിനാൽ നിയമക്കുരുക്കിൽപ്പെടാതെ ആധാറിൽ തണ്ടപ്പേർ ലിങ്ക് ചെയ്യാനാണ് ശ്രമം. രജിസ്ട്രേഷനിലുള്ള തട്ടിപ്പുകളും ഇതുവഴി തടയാം.
13 അക്ക തണ്ടപ്പേർ
ഇപ്പോൾ ഓരോ വില്ലേജ് ഓഫീസിലെയും ക്രമനമ്പർ പ്രകാരമാണ് തണ്ടപ്പേരുള്ളത്. ഇനി മുതൽ സംസ്ഥാനത്തൊട്ടാകെ 13 അക്ക തണ്ടപ്പേരായിരിക്കും.
മിച്ചഭൂമി കണ്ടെത്താം
തണ്ടപ്പേർ ആധാറുമായി ലിങ്കു ചെയ്യുന്നതോടെ കൂടുതൽ മിച്ചഭൂമി കണ്ടെത്താമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഇപ്പോൾ സംസ്ഥാനത്ത് ഒരു കുടുംബത്തിന് പരമാവധി 15 ഏക്കറേ കൈവശം വയ്‌ക്കാനാവൂ. ഇതിൽ കൂടുതലുണ്ടെങ്കിൽ മിച്ചഭൂമിയായി മാറുമെന്നാണ് നിയമം. എന്നാൽ ഒരു വില്ലേജിൽ പത്ത് ഏക്കറുള്ള ഒരാൾക്ക് മറ്റൊരിടത്ത് ഭൂമിയുണ്ടെങ്കിൽ കണ്ടുപിടിക്കാൻ നിലവിൽ സംവിധാനമില്ല. എന്നാൽ ഒരാൾക്ക് ഒരു തണ്ടപ്പേർ ആക്കുകയും അത് ആധാറുമായി ലിങ്ക് ചെയ്യുകയും ചെയ്യുന്നതോടെ ഈ പ്രശ്നം പരിഹരിക്കാം.
യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്താം
ലാൻഡ് കാർഡിലൂടെ ബിനാമി പേരിൽ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങളും പുറത്തുവരും. വ്യാജ രേഖകളിലൂടെ മറ്രുള്ളവർ ഭൂമി തട്ടിയെടുക്കുന്നതും ബയോമെട്രിക് പരിശോധനയിലൂടെ ഒഴിവാകും.