smart

വെഞ്ഞാറമൂട്: കന്യാകുളങ്ങര ഗവ. എൽ.പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് മുറികളൊരുക്കി ഡി.വൈ.എഫ്.ഐ മാതൃകയായി. ഡി.വൈ.എഫ്.ഐ മാണിക്കൽ മേഖലയിലെ വെമ്പായം യൂണിറ്റാണ് പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി 3 പ്രീപ്രൈമറി ക്ലാസുകൾ സ്മാർട്ടാക്കിയത്. ക്ലാസ് മുറികൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് ആകർഷണീയമാക്കി പ്രൊജക്ടർ സംവിധാനം ഏർപ്പെടുത്തി. ക്ലാസ്‌ റൂമുകൾ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷും, കവിമാരായ മുരുകൻ കാട്ടാക്കടയും വിഭു പിരപ്പൻകോടും ചേർന്ന് സ്കൂൾ അധികൃതർക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി രാജേഷ് അദ്ധ്യക്ഷനായി. വെഞ്ഞാറമൂട് ബ്ലോക്ക്‌ സെക്രട്ടറി സജീവ് കോലിയക്കോട്, നെടുമങ്ങാട് ബ്ലോക്ക്‌ സെക്രട്ടറി ലിജു, മാണിക്കൽ മേഖല സെക്രട്ടറി നന്ദു, മേഖല പ്രസിഡന്റ് അൽ-താജ്, തേക്കട മേഖലാ സെക്രട്ടറി മനു, ജിദ്ദ നവോദയ മുൻ സെക്രട്ടറി എ.കെ. നവാസ് തുടങ്ങിയവർ പങ്കെടുത്തു. മേഖലാ കമ്മിറ്റിയംഗം ഷിഹാസ് ബാബു സ്വാഗതവും ഹെഡ്മിസ്ട്രസ് വിമല നന്ദിയും പറഞ്ഞു.