കൊട്ടാരക്കര: എം.സി റോഡിൽ മൈലത്ത് മോട്ടോർ ബൈക്കിൽ ഇന്നോവ കാറിടിച്ച് ബൈക്ക് യാത്രികനായ കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. തൊടുപുഴ വെള്ളിയാമറ്റം പാലത്തിങ്കൽ വീട്ടിൽ ബിജു പീറ്ററാണ് (41) മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30ന് മൈലം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ ജീവനക്കാരനായ ബിജു പീറ്റർ തൊടുപുഴയിൽ നിന്ന് വെള്ളറടയിലേക്ക് ബൈക്കിൽ വരികയായിരുന്നു.
അടൂർ ഭാഗത്തേക്കുപോയ ഇന്നോവയാണ് ഇടിച്ചത്. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.ഇവർ മദ്യ ലഹരിയിലായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . റോഡിൽ തലയടിച്ചുവീണ ബിജു പീറ്ററിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രാജി. മക്കൾ: ബിയാമോൾ, സിയാമോൾ, മറിയം.