നെടുമങ്ങാട് : സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് നഗരസഭയിൽ വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ.സംസ്ഥാനത്ത് ആയിരം വീടുകൾ പൂർത്തിയാക്കിയ നഗരസഭ പ്രഖ്യാപനം പുതുവർഷാരംഭത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നെടുമങ്ങാട്ട് നിർവഹിക്കും. പ്രഖ്യാപന വേള ആഘോഷമാക്കാനുള്ള മുന്നൊരുക്കത്തിലാണ് ഗുണഭോക്താക്കളും നഗരസഭയും. ലൈഫ് മിഷൻ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട 2,156 ഗുണഭോക്താക്കളിൽ പകുതി പേരാണ് വീടുകൾ പൂർത്തിയാക്കി മാതൃകയായത്. നേരത്തെ, ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ ഘട്ടങ്ങളിലായി നാലായിരം വീടുകൾ നിർമ്മിച്ചതിനു പിന്നാലെയാണ് നഗരസഭയുടെ ഈ നേട്ടം. 2017 ഏപ്രിലിൽ ആരംഭിച്ച ഭവന നിർമ്മാണ യജ്ഞത്തിൽ രണ്ടു ലക്ഷം രൂപ കേന്ദ്ര-സംസ്ഥാന വിഹിതവും രണ്ടു ലക്ഷം രൂപ വീതം നഗരസഭയും നല്കി.ഗുണഭോക്തൃ വിഹിതവും കൃത്യതയുള്ള അവലോകനവും കൂടി ചേർന്നപ്പോൾ പാവങ്ങൾക്ക് തലചായ്ക്കാൻ വീടുകളൊരുങ്ങി.നഗരസഭ വിഹിതം നല്കാൻ ഹഡ്കോയിൽ നിന്ന് 16 കോടി രൂപ വായ്പയുണ്ട്. ഇതിൽ 6 കോടി രൂപയാണ് പല ഗഡുക്കളായി ഇതുവരെ ലഭിച്ചത്.
ഫ്ലാറ്റ് 400 കുടുംബങ്ങൾക്ക്
സ്വന്തമായി ഒരുതുണ്ട് മണ്ണ് പോലും ഇല്ലാത്തവർക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാനുള്ള നടപടികളും നഗരസഭ പൂർത്തിയാക്കി.നഗരത്തിന്റെ കണ്ണായ മഞ്ചയിൽ നഗരസഭയുടെ പേർക്കുള്ള ഭൂമി ഇതിനായി സർക്കാരിന് കൈമാറിക്കഴിഞ്ഞു. മുൻ കൗൺസിലിന്റെ കാലത്ത് മാലിന്യ സംസ്കരണത്തിനായി ആവിഷ്കരിച്ച ''വള മുതൽ വളം വരെ'' പദ്ധതിക്കായി വാങ്ങിയ ഭൂമിയാണ് മഞ്ചയിലേത്.കുറച്ചു കൂടി വഴി സൗകര്യമുള്ള പേരുമലയിലെ രണ്ടേക്കറോളം ഭൂമിയാണ് ഫ്ലാറ്റ് നിർമ്മിക്കാൻ ആദ്യം നിശ്ചയിച്ചതെങ്കിലും ജയിൽ നിർമ്മാണത്തിന് ഇവിടം വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ വകുപ്പ് രംഗത്തെത്തിയിരുന്നു.ലഭിച്ച നൂറിലേറെ അപേക്ഷകളിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തിയ വിശദമായ പരിശോധനയിൽ അർഹരായവരുടെ എണ്ണം നാനൂറിൽ താഴെയായി നിശ്ചയിച്ചിട്ടുണ്ട്. ഫ്ലാറ്റ് വേണ്ട,പകരം സ്ഥലം വാങ്ങി വീട് വച്ചു നൽകിയാൽ മതിയെന്ന നിലപാടുമായി ചിലർ രംഗത്ത് വന്നത് നടപടികൾ വൈകിച്ചിരുന്നു.സർക്കാർ നിർദ്ദേശം അനുസരിച്ച് ഫ്ലാറ്റ് നിർമ്മാണത്തിന് അമ്പത് കോടിയോളം രൂപയുടെ പ്രൊപ്പോസലാണ് നഗരസഭ സമർപ്പിച്ചിട്ടുള്ളത്.
നഗരസഭ സർക്കാരിന് കൈമാറിയ സ്ഥലം......1.38 ഏക്കർ
നഗര സഭ നിർമ്മിക്കുന്ന വീടുകൾ....1,100
പ്രതികരണം
-------------------
ഫ്ലാറ്റ് സമുച്ചയം നിർമ്മാണം സർക്കാർ ആശയമാണ്.അതിൽ നിന്ന് പിന്മാറാനാവില്ല.ഭവന രഹിതരായ ആളുകൾക്ക് പി.എം.എ.വൈ അടക്കമുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ അനുവദിച്ചത് നെടുമങ്ങാട് നഗരസഭയാണ്.
--- പി.ഹരികേശൻ നായർ
( സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, നഗരസഭ )