തിരുവനന്തപുരം: ബാങ്കോക്കിൽ നടന്ന അണ്ടർ 16 ഓപ്പൺ മിനി ഇന്റർനാഷണൽ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ എസ്. രിത ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തന്നെ സഹായിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയെ കാണാൻ മന്ത്രിയുടെ ചേംബറിൽ എത്തി. അമ്മ മഞ്ജുവിനൊപ്പമാണ് വലിയതുറ സ്വദേശിയായ രിത മന്ത്രിയെ കാണാൻ എത്തിയത്. തനിക്ക് ലഭിച്ച വെള്ളി മെഡൽ രിത മന്ത്രിയുടെ കൈയിൽ നൽകി.
പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബാംഗമായ രിതയ്ക്ക് ബാങ്കോക്കിൽ പോയി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടായിരുന്നില്ല. മന്ത്രിയ്ക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനും യാത്രയ്ക്കുമുള്ള തുക വകുപ്പ് അനുവദിക്കുകയായിരുന്നു. രിതയ്ക്ക് ബാങ്കോക്കിലെ നേട്ടം തുടർ വിജയങ്ങളുടെ തുടക്കമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് രിത പഠിക്കുന്നത്.
ഫോട്ടോ: ബാങ്കോക്കിൽ നടന്ന അണ്ടർ 16 ഓപ്പൺ മിനി ഇന്റർനാഷണൽ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ എസ്. രിത ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തന്നെ സഹായിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയെ കാണാനെത്തിയപ്പോൾ. അമ്മ മഞ്ജു സമീപം