നെടുമങ്ങാട്: കരകുളം മുല്ലശേരി തോപ്പിൽ നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ഷൈജുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ അഞ്ചുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. മുല്ലശേരി നെയ്യപ്പള്ളി കട്ടക്കാൽ വീട്ടിൽ എസ്. ഹരിപ്രസാദ് (സതീശൻ - 31), ഇയാളുടെ സഹോദരൻ അമ്പിളി എന്ന ജയപ്രസാദ് (30), നെയ്യപ്പള്ളി കട്ടക്കാലിൽ വീട്ടിൽ ഗിരീശൻ എന്ന ജി. ബിജുമോൻ (32), മുല്ലശ്ശേരി അന്നൂർ കിഴക്കുംകര വീട്ടിൽ ജിജോ എന്ന ജെ. വിഷ്‌ണു (24), കിഴക്കേല മാങ്കാല തോപ്പിൽ വീട്ടിൽ ബോംബെ റെജി എന്ന ആർ. റെജി ഫ്രാൻസിസ് (40) എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഷൈജു മുമ്പ് ഹരിപ്രസാദിനെ വെട്ടിപ്പരിക്കേല്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിൽ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ എട്ടംഗ സംഘം ഷൈജുവിന്റെ വീട്ടിൽ പതിയിരുന്നാണ് ആക്രമണം നടത്തിയത്. 29ന് വൈകിട്ട് ആറോടെ ഷൈജുവും ഭാര്യാ സഹോദരൻ ബിജുവും തമ്മിൽ വഴക്കിട്ടിരുന്നു. പരിക്കേറ്റ ഷൈജു ഭാര്യയുമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൈസയെടുക്കാനായി രാത്രി ഒമ്പതോടെ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കഴുത്തിലും കൈത്തണ്ടയിലും മുതുകിലും സാരമായി പരിക്കേറ്റ ഷൈജുവിനെ പൊലീസ് സ്ഥലത്തെത്തി ആംബുലൻസിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽഗോപി, ശ്രീകുമാർ, ഷാജി കുമാർ, എ.എസ്.ഐ ആനന്ദകുട്ടൻ, നൂറുൽഹസൻ, എസ്.സി.പി.ഒ ഹരികുമാർ, അനിൽകുമാർ, ബിജു, സി.പി.ഒ സനൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.