തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് നിയസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് രാജ്യത്താദ്യമായി ഇത്തരം പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ബി.ജെ.പി അംഗം ഒ.രാജഗോപാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയെന്ന ഒറ്റക്കാരണത്താൽ പൗരത്വ നിയമം ശിരസാവഹിക്കണമെന്നു കൽപ്പിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്കു ചേർന്നതല്ലെന്നു പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. പൗരത്വത്തിന് ഏതെങ്കിലും മതവിഭാഗങ്ങൾക്ക് നിയന്ത്റണവും ഏതെങ്കിലും വിഭാഗത്തിന് കൂടുതൽ പരിഗണനയും നൽകിയാൽ രാജ്യത്തിന്റെ മതേതര ഭാവം നഷ്ടപ്പെടും. ഭരണഘടനയും അതിന്റെ അന്തഃസത്തയുമാണ് പരമപ്രധാനം. അതിന് മുകളിൽ ഒരു നിയമത്തിനും സ്ഥാനം നൽകാനാവില്ല. ഇതിലേക്കുള്ള പ്രയാണത്തിലെ ഒരു ചുവടുവയ്പാണ് കേരളത്തിലെ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ടുള്ള ഒരുമയും ഈ പ്രമേയവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ താൻ സുപ്രീംകോടതിയിൽ നൽകിയ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജാതിക്കും മതത്തിനും അതീതമായി ജനം പ്രക്ഷോഭത്തിലാണ്. 4 രാഷ്ട്രത്തലവന്മാർ ഇന്ത്യാ സന്ദർശനം റദ്ദാക്കി. വിവിധ രാജ്യങ്ങൾ ഇന്ത്യയ്‌ക്കെതിരെ പ്രമേയം പാസാക്കി. ഐക്യരാഷ്ട്രസഭയും അപലപിച്ചു. പൗരത്വ നിയമത്തിന്റെ സ്ഥാനം അറബിക്കടലിലാണെന്നും ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയെയും ഐക്യത്തെയും തകർക്കാൻ നീക്കങ്ങളുണ്ടാകുമ്പോൾ കേരളം എങ്ങനെ പ്രതികരിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഈ പ്രമേയമെന്നും ഇത് പാസാക്കുന്നതിലൂടെ നിയമസഭയുടെ അന്തസ് ഉയർന്നിരിക്കുകയാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിവിധ കക്ഷിനേതാക്കളും മന്ത്റിമാരുമടക്കം 19പേർ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയിൽ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും വോട്ടിനിട്ടപ്പോൾ രാജഗോപാൽ എതിർത്തു കൈപൊക്കാത്തതിനാൽ പ്രമേയം ഐകകണ്‌ഠ്യേന പാസാക്കിയതായി കണക്കിലെടുക്കുമെന്നു സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ പ്രാതിനിദ്ധ്യം നിറുത്തലാക്കിയതിനെതിരായ പ്രമേയത്തെ അനുകൂലിച്ച് രാജഗോപാൽ വോട്ടു ചെയ്തതും സഭാംഗങ്ങളെ അമ്പരപ്പിച്ചു.
''പൗരത്വ നിയമത്തെ പറ്റിയുള്ള ആശങ്കകൾ പരിഹരക്കേണ്ടതുണ്ട്. ആശങ്കകൾ വർദ്ധിക്കുന്നതിനാലാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ പൗരത്വ രജിസ്റ്ററും അതിനുതകുന്ന വിവരങ്ങൾ ശേഖരിക്കാനുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും തയ്യാറാക്കുന്നത് നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. സാധാരണ സെൻസസ് പ്രവർത്തനങ്ങളുമായി സർക്കാർ സഹകരിക്കും.
പിണറായി വിജയൻ
മുഖ്യമന്ത്റി