തിരുവനന്തപുരം: പുത്തൻ സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും പുതുവർഷത്തെ ആവേശത്തോടെ വരവേറ്റ് തലസ്ഥാനം. ഹോട്ടലുകളിലും ബീച്ചുകളിലും സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ആഹ്ലാദാരവങ്ങൾ അലതല്ലിയ രാവിൽ സമയസൂചി 12നോട് അടുത്തപ്പോൾ മാനത്തും മനസുകളിലും വിടർന്ന പൂത്തിരി വർണങ്ങൾക്കൊപ്പം പുതുവർഷവും പിറന്നു. ഹാപ്പി ന്യൂ ഇയർ ആർത്തുവിളിച്ചും പരസ്പരം ആശംസകൾ നേർന്നും പുതിയ പുലരിക്ക് സ്വാഗതമേകി.

വൈകിട്ട് 5ഓടെ തന്നെ കോവളത്ത് പുതുവർഷാഘോഷങ്ങൾ ആരംഭിച്ചിരുന്നു. സ്വദേശികളും വിദേശികളുമടങ്ങുന്ന നൂറുകണക്കിനാളുകൾ ആഘോഷരാവിൽ പങ്കാളികളായി. രാത്രി 11.55 ന് ആരംഭിച്ച വർണാഭമായ വെടിക്കെട്ടോടെ ആഘോഷങ്ങൾ അവസാനിച്ചു. ബീച്ചിലും പരിസരത്തുമായി പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വർക്കല ബീച്ചിലും നിരവധിപേർ പുതുവർഷത്തെ വരവേൽക്കാനെത്തി. ശംഖുമുഖത്ത് കാര്യമായ പരിപാടികളൊന്നുമില്ലായിരുന്നെങ്കിലും കുടുംബത്തോടെ പുതുവർഷം ആഘോഷിക്കാൻ ആയിരങ്ങൾ ബീച്ചിലെത്തി.

തലസ്‌ഥാനത്തെ ഹോട്ടലുകളിലും ക്ലബുകളിലും വൈകിട്ട് ഏഴോടെ തന്നെ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. അവയ്ക്ക് കൊഴുപ്പേകി ഡി.ജെ പാർട്ടികളും ചെണ്ടമേളവും സംഗീത രാവും അരങ്ങേറി. പങ്കെടുക്കാനെത്തുന്നവർക്കായി ലക്കി ഡ്രോകളും നിരവധി സമ്മാനങ്ങളും ഹോട്ടലുകൾ ഒരുക്കിയിരുന്നു. മലയാളികൾക്ക് പുറമേ ഉത്തരേന്ത്യക്കാരും വിദേശികളും ആഘോഷങ്ങളിൽ പങ്കാളികളായി.

ദേവാലയങ്ങളിൽ പുതുവർഷത്തെ വരവേറ്റ് രാത്രി 11ഓടെ പ്രത്യേക പ്രാർത്ഥനകളും നടന്നു. പുതുവർഷാഘോഷം പ്രമാണിച്ച് നഗരത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. വാഹനപരിശോധനകളും നടന്നു.