തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ അക്രമം നടത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ എട്ടപ്പൻ എന്നു വിളിക്കുന്ന പൂന്തുറ വടുവത്ത് ക്ഷേത്രത്തിന് സമീപം പത്മനിവാസിൽ മഹേഷ് കുമാറിനെ (31) റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം തിരുവല്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മ്യൂസിയം പൊലീസാണ് കേസെടുത്തിട്ടുള്ളത്. നവംബർ 27ന് ഹോസ്റ്റലിൽ വച്ച് കെ.എസ്.യു പ്രവർത്തകനായ നിതിൻ രാജിനെ മർദ്ദിച്ച കേസിലും അടുത്ത ദിവസം നിതിൻ രാജ് അടക്കമുള്ളവരുടെ സർട്ടിഫിക്കറ്റ് മോഷ്ടിച്ച കേസിലുമാണ് അറസ്റ്റ്.
ഹോസ്റ്റലിലെ അനധികൃത താമസക്കാരനായ മഹേഷാണ് ഹോസ്റ്റൽ നിയന്ത്രിച്ചിരുന്നത്. സംഭവത്തെത്തുടർന്ന് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ മാത്രം താമസിച്ചാൽ മതിയെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. മഹേഷിനെതിരെ കന്റോൺമെന്റ് അടക്കമുള്ള സ്‌റ്റേഷനുകളിലും കേസുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവല്ല ഇരവിപേരൂർ കോഴിമലയിൽ ഒളിവിൽ കഴിയുകയായിരുന്ന മഹേഷിനെ മണ്ണ് മാഫിയ സംഘത്തെ തേടിയെത്തിയ ഷാഡോ സംഘമാണ് സംശയം തോന്നി പിടികൂടിയത്.