തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർ നഗര മാവോയിസ്റ്റുകളാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബി.ജെ.പി ജില്ലാഘടകം ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ആരിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്,​ ബ്രിട്ടീഷുകാരിൽ നിന്നോ? ​പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ല. ഈ നിയമത്തിലൂടെ ഒരു പൗരന്റേയും പൗരത്വം നഷ്ടമാകില്ല. കേന്ദ്രസർക്കാരിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ നിയമഭേദഗതിയുടെ പേരിൽ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. പൗരത്വ നിയമ ഭേദഗതി ആദ്യം നടപ്പാക്കിയത് കോൺഗ്രസാണ്. ഉഗാണ്ടയിൽ നിന്ന് ഈദി അമീൻ പുറത്താക്കിയ ഹിന്ദുക്കൾക്ക് ഇന്ദിരാഗാന്ധിയും ശ്രീലങ്കയിൽ നിന്നുള്ള തമിഴർക്ക് രാജീവ് ഗാന്ധിയും പൗരത്വം നൽകി. കോൺഗ്രസ് ചെയ്യുമ്പോൾ നല്ലതാണെന്നും നരേന്ദ്ര മോദി ചെയ്യുമ്പോൾ തെറ്റാണെന്നുമുള്ള നിലപാട് അംഗീകരിക്കാനാവില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷനായി. ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, നേതാക്കളായ ഡോ. പി.പി. വാവ, സിനിമാനിർമ്മാതാവ് ജി. സുരേഷ് കുമാർ, സംവിധായകരായ രാജസേനൻ, വിജി തമ്പി, അഡ്വ. അജകുമാർ, കൗൺസിലർ എം.ആർ. ഗോപൻ, സുധീർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാസെക്രട്ടറി ബിജു ബി. നായർ സ്വാഗതവും എം. ബാലമുരളി നന്ദിയും പറഞ്ഞു.