ബാലരാമപുരം : പൗരത്വ ബിൽ പാർലമെന്റിലും രാജ്യസഭയിലും അവതരിപ്പിച്ചപ്പോൾ മതേതരത്വത്തിനുവേണ്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്ത് വോട്ട് ചെയ്തുവെങ്കിൽ ബിൽ രാജ്യസഭയിൽ പാസാക്കാതെ വരുമായിരുന്നു. മതേതര വാദികൾ ഗാന്ധിയൻ സമരങ്ങൾ ചെയ്യുമ്പോൾ അതിനെ അടിച്ചമർത്തുന്ന ഭീകര നയമാണ് കേന്ദ്ര സർക്കാർ തുടരുന്നതെന്ന് സി.എം.പി സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പർ എം. നിസ്‌താർ പറഞ്ഞു.
സി.എം.പി ജില്ലാ പ്രവർത്തക യോഗം ബാലരാമപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പൗരത്വ ബില്ലിന്റെ പേരിൽ മനുഷ്യനെ മതങ്ങളുടെ പേരിൽ വേർതിരിക്കുന്നതിനെതിരെ സി.എം.പി ജനുവരി 12ന് ജില്ലയിലുടനീളം പ്രതിഷേധ കൂട്ടായ്മ നടത്താനും യോഗം തീരുമാനിച്ചു.