തിരുവനന്തപുരം: വർദ്ധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് ഇന്നലെ അർദ്ധരാത്രി നിലവിൽ വന്നു. കിലോമീറ്ററിന് പത്തുപൈസയെങ്കിലും കൂട്ടണമെന്നായിരുന്നു ശുപാർശയെങ്കിലും പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന്റെ സാഹചര്യത്തിൽ നിരക്ക് കൂടുതൽ കൂട്ടുന്നത് ജനവികാരം എതിരാക്കുമെന്ന ആശങ്കയിലാണ് വർദ്ധന നാമമാത്രമാക്കിയത്. 2014 ലാണ് ഇതിന് മുമ്പ് നിരക്ക് കൂട്ടിയത്.
കിലോമീറ്റർ ചാർജ് എ.സിയിൽ നാലു പൈസയും എക്സ്‌പ്രസിൽ രണ്ടുപൈസയും ഒാർഡിനറിയിൽ ഒരു പൈസയുമാണ് വർദ്ധിപ്പിച്ചത്. അടിസ്ഥാന നിരക്കിൽ മാത്രമാണ് വർദ്ധന. റിസർവേഷൻ, സൂപ്പർഫാസ്റ്റ്, ജി.എസ്.ടി നിരക്കുകൾ വർദ്ധിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റെടുത്തവർ അധിക ചാർജ് നൽകേണ്ട. ജനരോഷം കുറയ്ക്കാൻ സീസൺ ടിക്കറ്റിനെയും സബർബൻ ട്രെയിനുകളെയും വർദ്ധനയിൽ നിന്ന് ഒഴിവാക്കി.
ഏതാനും വർഷങ്ങൾക്കിടയിൽ ഫ്ളെക്സി നിരക്ക്, തൽക്കാൽ, സുവിധ, സുവിധ സ്പെഷ്യൽ, പ്രീമിയം തത്ക്കാൽ തുടങ്ങി വിവിധ രീതികളിൽ റെയിൽവേ ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുത്തിയിരുന്നു. അതൊന്നും പ്രതീക്ഷിച്ച വരുമാന വർദ്ധന നേടിക്കൊടുത്തില്ല. ട്രെയിൻ സർവീസുകൾ സ്വകാര്യവത്കരിക്കാനും ശ്രമിച്ചു. ഇതിനെല്ലാം ശേഷമാണ് സമഗ്ര നിരക്ക് വർദ്ധന നടപ്പാക്കുന്നത്.
സെപ്തംബർ 30 ന് അവസാനിച്ച അർദ്ധവാർഷിക കണക്കെടുപ്പിൽ നഷ്ടം കണ്ടതോടെയാണ് കടുത്ത നടപടിയിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയതെന്ന് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരുവനന്തപുരം - എറണാകുളം നിരക്ക് വർദ്ധന ഇങ്ങനെ
ക്ളാസ് ........................നിലവിൽ ...........പുതിയത്
എക്സ് പ്രസ് ട്രെയിൻ .......183രൂപ.................188രൂപ
സെക്കൻഡ് എ.സി ........781 രൂപ................790രൂപ
തേർഡ് എ.സി................ 571 രൂപ............... 580 രൂപ
ജനശതാബ്ദി സി.സി........441രൂപ................450രൂപ
ജനശതാബ്ദി 2 എസ്....... 125രൂപ................135രൂപ