കോവളം: തേങ്ങയിടുന്ന യന്ത്രത്തിൽ അൻപത് അടിയോളം ഉയരമുള്ള തെങ്ങിന്റെ മുകളിൽ കയറി കുടുങ്ങിപ്പോയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കോവളം സ്വദേശി ശീമോനെ (21)യാണ് ഒരു മണിക്കൂറോളം പണിപ്പെട്ട് വിഴിഞ്ഞം ഫയർഫോഴ്‌സ് സുരക്ഷിതമായി താഴെയിറക്കിയത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ കോവളം കെ.എസ് റോഡിൽ ശാലോപുരി പ്രാർത്ഥനാലയ കോമ്പൗണ്ടിലായിരുന്നു സംഭവം. തെങ്ങിൽ കയറി പരിചയമില്ലാത്ത യുവാവ് ഇവിടെ പ്രാർത്ഥനക്കെത്തിയതാണെന്ന് പറയപ്പെടുന്നു. തുടർന്ന് പ്രാർത്ഥനാലയത്തിൽ ഉണ്ടായിരുന്ന യന്ത്രവുമായി തെങ്ങിൽ വലിഞ്ഞ് കയറി മുകളിൽ എത്തിയതോടെ യന്ത്രത്തിന്റെ കൊളുത്ത് ജാമായി യുവാവ് കുടുങ്ങി. വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് സീനിയർ ഫയർ ഓഫീസർ ഷാജി, ഡ്രൈവർ ജയകുമാർ, ഫയർമാൻമാരായ രാജീവ്, അരുൺ, ഷാജു, അനീഷ്, അജിത് കുമാർ എന്നിവർ സ്ഥലത്തെത്തി. സ്റ്റേഷനിൽ നിന്നെത്തിച്ച കൂറ്റൻ എണിയും എത്താതെ വന്നതോടെ ഫയർമാൻമാരായ രാജീവ്, അരുൺ എന്നിവർ തെങ്ങിൽ കയറി യന്ത്രത്തിന്റെ പിടിയിൽ നിന്ന് യുവാവിനെ സ്വതന്ത്രമാക്കിയ ശേഷം താഴെയിറക്കി. അവശനായ യുവാവിനെ ഫയർഫോഴ്‌​സ് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.