ശിവഗിരി: ശിവഗിരി മഹാതീർത്ഥാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയാശംസ നേർന്നു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് അയച്ച കത്തിലൂടെയാണ് പ്രധാനമന്ത്രി തീർത്ഥാടകർക്ക് ആശംസകൾ നേർന്നത്.
മഹാത്മാഗാന്ധിയുടെ 150-ാം വാർഷികവും 87 -ാമത് ശിവഗിരി തീർത്ഥാടനവും ഒരേസമയം ആഘോഷിക്കുന്നു എന്നറിഞ്ഞതിൽ സന്തോമുണ്ടെന്നും ശ്രീനാരായണ ഗുരുവിന്റെ ജീവിതവും വാക്കുകളും ഇപ്പോഴും നമ്മെ ഉദ്‌ബോധിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ മഹത്തരമായ ചിന്തകളും സമൂഹിക ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ആശയങ്ങളും ഏറെ പ്രചോദനമാണ്. ആദ്ദേഹം മുന്നോട്ടുവച്ച ലോകസാഹോദര്യത്തിന്റെ ആശയങ്ങൾ അന്നും ഇന്നും ഏറെ പ്രാധാന്യമുള്ളതാണ്. അടിച്ചമർത്തപ്പെട്ടവന്റെയും പാവപ്പെട്ടവന്റെയും കൈപിടിച്ചുയർത്താനുള്ള ശ്രീനാരായണഗുരുവിന്റെ ആശയങ്ങളും ഗാന്ധിജിയുടെ ആശയങ്ങളും സമാനമാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കച്ചവടം, സംഘടന, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീവ പഠിക്കാനുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും ചിന്തിക്കപ്പെടേണ്ടവയാണെന്നും കത്തിൽ പറഞ്ഞു. തീർത്ഥാടന സമ്മേളന വേദിയിൽ കത്ത് വായിച്ചു.