തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്​റ്റിസ് കെ. ശ്രീധരൻ നായർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നിയമവകുപ്പ് നിർദ്ദേശിച്ച ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

നിലവിൽ സംവരണത്തിന് അർഹതയില്ലാത്തവരും കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്തവരുമായ ഈ വിഭാഗത്തിലെ എല്ലാവർക്കും സംവരണത്തിന്റെ ആനുകൂല്യമുണ്ടാവും. പഞ്ചായത്തിൽ 2.5 ഏക്കറിലധികവും മുനിസിപ്പാലി​റ്റിയിൽ 75 സെന്റിലധികവും കോർപറേഷനിൽ 50 സെന്റിലധികവും ഭൂമിയുള്ളവർ സംവരണത്തിന്റെ പരിധിയിൽ വരില്ല. മുനിസിപ്പൽ പ്രദേശത്ത് 20 സെന്റിൽ അധികവും കോർപറേഷൻ പ്രദേശത്ത് 15 സെന്റിലധികവും വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിന്റെ പരിധിയിൽ വരില്ല. സംസ്ഥാന സർവീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നൽകും.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം പ്രാബല്യത്തിൽ വരുന്ന തീയതി സർക്കാർ തീരുമാനിക്കും. ഓരോ മൂന്ന് വർഷം കൂടുമ്പോഴും പൊതുവിഭാഗത്തിലെ 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ' നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അവലോകനം ചെയ്യും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടേറിയ​റ്റിൽ പരിശോധനാ സെൽ രൂപീകരിക്കും.