തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾ നേരിടാനും രക്ഷാപ്രവർത്തനം നടത്താനും 3.4 ലക്ഷം പേരുള്ള സന്നദ്ധസേന രൂപീകരിക്കാൻ മന്ത്റിസഭായോഗം തീരുമാനിച്ചു. ജനസംഖ്യയിൽ നൂറു പേർക്ക് ഒരു സന്നദ്ധപ്രവർത്തകൻ എന്ന കണക്കിനാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65നും ഇടയ്‌ക്ക് പ്രായമുള്ള ആർക്കും (മുഴുവൻ സമയ ജോലിയുള്ളവർ ഒഴികെ) സേനയിൽ ചേരാം. ഇവർക്ക് പരിശീലനം നൽകാൻ മാസ്റ്റർ ട്രെയിനർമാരുടെ സംഘം രൂപീകരിക്കും. പ്രകൃതി ദുരന്തങ്ങൾക്കു പുറമേ പ്രാദേശികമായ ഏത് അപകടത്തിലും സേനയുടെ സഹായം ഉറപ്പുവരുത്തും.
സേനയുടെ ഘടനയും പരിശീലന പരിപാടിയും മന്ത്റിസഭായോഗം അംഗീകരിച്ചു. സേനയുടെ മേൽനോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കും. സേനയുടെ പ്രഖ്യാപനം പുതുവർഷ ദിനത്തിൽ നടക്കും. ജനുവരി 15ന് മുൻപായി 700 മാസ്റ്റർ ട്രെയിനർമാരെ കണ്ടെത്തും. സേനയിൽ പേര് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ ജനുവരി 10 മുതൽ 31 വരെ ലഭ്യമാകും. ഫെബ്റുവരിയിൽ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം നടക്കും. ഏപ്രിൽ 1 മുതൽ മേയ് 15 വരെ എല്ലാ ജില്ലകളിലും മാസ്റ്റർ ട്രെയിനർമാർ സേനാംഗങ്ങളെ പിശീലിപ്പിക്കും.
അഗ്നിരക്ഷാസേന, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ വകുപ്പ്, തദ്ദേശ വകുപ്പ്, എൻ.സി.സി., എൻ.എസ്.എസ്., എന്നിവ ഉൾപ്പെടുന്നതാണ് ഡയറക്ടറേറ്റ്. ഡയറക്ടറേറ്റിന്റെ ഭരണ ചുമതല പൊതുഭരണവകുപ്പിനായിരിക്കും.