secretariate
secretariate

തിരുവനന്തപുരം: കാർഷിക കടങ്ങളുടെ മൊറട്ടോറിയവും വായ്പകൾ പുനഃക്രമീകരിക്കാൻ അപേക്ഷിക്കാനുള്ള തീയതിയും മാർച്ച് 31 വരെ നീട്ടാൻ റിസർവ് ബാങ്കിനോട് അഭ്യർത്ഥിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

2018ലെ പ്രളയകാലത്തു കുടിശിക ആയതിനാൽ പുനഃക്രമീകരിച്ച കാർഷിക വായ്പകളുടെ മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു. 9 ശതമാനമാണ് പലിശ. മൊറട്ടോറിയത്തിനായി വായ്പ പുനഃക്രമീകരിച്ചപ്പോൾ 2% സബ്‌സിഡി നൽകിയിരുന്നു. ഇതോടെ പലിശ 7 ശതമാനമായി. കാലാവധി പൂർത്തിയാക്കുന്ന വായ്പകൾ പലിശ സഹിതം പുതുക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം. പുതുക്കാത്ത വായ്പകൾ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കി ബാങ്കുകൾക്ക് ജപ്തി നടപടിവരെ സ്വീകരിക്കാം. മൊറട്ടോറിയം കാലാവധി തീരുന്ന സാഹചര്യത്തിൽ

കാർഷിക വായ്പകളുടെ പലിശ ഏ​റ്റെടുക്കാൻ ധനവകുപ്പിന് സമ്മർദമുണ്ടായിരുന്നു. ഇതിന് 537 കോടി വേണമെന്നാണ് കണക്ക്. 1.6 ലക്ഷം വരെയുള്ള വായ്പകളുടെ പലിശ സർക്കാർ ഏ​റ്റെടുക്കണമെന്ന് കൃഷിവകുപ്പ് ശുപാർശ ചെയ്തിരുന്നതാണ്. സാമ്പത്തിക പ്രതിസന്ധി മൂലം പലിശ ഏ​റ്റെടുക്കില്ലെന്ന നിലപാടാണ് ധനവകുപ്പിന്. 2019ലെ പ്രളയത്തിനിരയായവർക്ക് മൊറട്ടോറിയത്തിന് അപേക്ഷിക്കാനായി നീട്ടിയ കാലാവധിയും ഇന്നലെ അവസാനിച്ചു. അപേക്ഷിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കാണ് മൊറട്ടോറിയം ലഭിക്കുക.

പൊതു ആവശ്യത്തിന് മണ്ണ് ഖനനത്തിന് അനുമതി നൽകാൻ 2015 ലെ ചട്ടം ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടത്തിൽപ്പെട്ട ബസിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടെ പൊള്ളലേ​റ്റു മരിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവർ പി. പ്രകാശിന്റെ കുടുംബത്തിന് മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിക്കും. കൊച്ചി മെട്രോയുടെ പ്രവർത്തനത്തിന് വ്യവസായ സംരക്ഷണ സേനയിൽ 80 പൊലീസ് സേനാംഗങ്ങളുടെ തസ്തികകൾ സൃഷ്ടിക്കും. ഇവരുടെ ചെലവ് കൊച്ചി മെട്റോ വഹിക്കണം.