aa

പോത്തൻകോട്: കഴക്കൂട്ടം - അടൂർ മാതൃക സുരക്ഷാ റോഡ് പദ്ധതിയുടെ ദീർഘിപ്പിച്ച നിർമ്മാണ കാലാവധി ഏപ്രിൽ 29 ന് അവസാനിക്കാനിരിക്കെ പദ്ധതിയുടെ ഭാഗമായ പോത്തൻകോട് - കഴക്കൂട്ടം ഭാഗത്തെ നടപ്പാത നിർമ്മാണം ഇഴയുന്നു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ നടത്തിപ്പ് ചുമതലയുള്ള കെ.എസ്.ടി.പി ഒരു വർഷം മുമ്പേ നടപടികൾ സ്വീകരിച്ചെങ്കിലും റോഡ് വക്കിൽ ചിലയിടങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കഴിയാത്തതും ചില കൈയേറ്റക്കാർ കോടതിയെ സമീപിച്ചതും പദ്ധതി പൂർത്തിയാക്കാൻ തടസമായതായി ഉദ്യോഗസ്ഥർ പറയുന്നു. പോത്തൻകോട്ട് ചിലയിടങ്ങളിൽ പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി പ്രവൃത്തികൾ നിറുത്തിവയ്പ്പിച്ചതായി കരാറുകാർ ആരോപിക്കുന്നു. കാട്ടായിക്കോണം റോഡിൽ പെട്രോൾ പമ്പിന് എതിർഭാഗത്തെ വ്യാപാരസ്ഥാപനത്തിന്റെ കൈയേറ്റം ഒഴിപ്പിച്ച് നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. താഴെമുക്കിൽ ഒരു ഭാഗത്തെ നടപ്പാതയുടെ നിർമ്മാണം ഭാഗികമായി പൂർത്തീകരിച്ചെങ്കിലും കമ്പിവേലികൾ സ്ഥാപിക്കുന്ന പണികൾ ഇനിയും തുടങ്ങിയിട്ടില്ല. വെട്ടുറോഡ് മുതൽ കാട്ടായിക്കോണം വരെയുള്ള നടപ്പാതയുടെ പണികൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ഇവിടങ്ങളിൽ ഓടകൾ ഇല്ലാത്തിടത്ത് പുതിയവ നിർമ്മിച്ചും ഓടകൾക്ക് മീതെ കോൺക്രീറ്റ് സ്ലാബുകൾ പാകി അവയ്ക്ക് മുകളിൽ തറയോടുകൾ സ്ഥാപിച്ച് കമ്പിവേലി നിർമ്മിക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. മുരുക്കുംപുഴ, വെഞ്ഞാറമൂട് റോഡുകളിലെ അനധികൃത ഓട്ടോസ്റ്റാൻഡുകൾ നടപ്പാതയുടെ നിർമ്മാണത്തിന് തടസം നിൽക്കുന്നതായി കരാറുകാർ പറഞ്ഞു. പ്രധാന പാതയിലെ തിരക്കുള്ള ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഈ ഓട്ടോ സ്റ്റാൻഡുകൾ മാറ്റിസ്ഥാപിച്ചാൽ മാത്രമേ നിർമ്മാണപ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയൂ. പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും ഓടകൾ പൊട്ടിയൊലിച്ച് റോഡിലേക്ക് മലിനജലം നിറയുന്നത് പതിവായതിനെ തുടർന്നാണ് സുരക്ഷാ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഓടനവീകരണവും നടപ്പാതയുടെ നിർമ്മാണവും സാദ്ധ്യമാക്കാൻ കെ.എസ്.ടി.പി മുൻകൈയെടുത്തത്. പോത്തൻകോട്‌ ഒഴികെ മാതൃകാ റോഡ് പദ്ധതിയിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ പദ്ധതിയനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏറക്കുറെ മുന്നോട്ടുപോയിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം താലൂക്ക് സർവേയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും പൊളിച്ചുമാറ്റേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. മാതൃകാ സുരക്ഷാ പദ്ധതിയുടെ പോത്തൻകോട് പ്രദേശത്തെ പണി അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ അടുത്തിടെ സമരം നടത്തിയിരുന്നു.

 നിർമ്മാണ തടസം പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ

 തടസമായി അനധികൃത ഓട്ടോസ്റ്റാൻഡുകൾ

 പോത്തൻകോട് ജംഗ്ഷനിൽ ഗതാഗത തടസം പതിവ്

നിർമ്മാണം ഇഴയാൻ തുടങ്ങിയിട്ട് 1 വർഷം

ഓട നവീകരണവും നടപ്പാത നിർമ്മാണവും നടക്കുന്നത് -

പോത്തൻകോട് ജംഗ്‌ഷൻ

വെഞ്ഞാറമൂട് റോഡ്

കാട്ടായിക്കോണം റോഡ്

മുരുക്കുംപുഴ റോഡ്

താഴെമുക്ക് റോഡ്

പാതിവഴിയിലായ പദ്ധതികൾ

 ജംഗ്ഷനിലെ ഓട നിർമ്മാണം

ആധുനിക രീതിയിലുള്ള നടപ്പാത നിർമ്മാണം

 കൈവരി നിർമ്മാണം

ക്യാപ്‌ഷൻ: പോത്തൻകോട്ട് നിർമ്മാണം നിലച്ച ഓടയിൽ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകിയ നിലയിൽ