ldf
മാനന്തവാടി സബ്ബ് കളക്ടർക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധം യോഗം മാനന്തവാടി ഗാന്ധി പാർക്കിൽ നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ് ഉദ്ഘാഘാടനം ചെയ്യുന്നു.

മാനന്തവാടി: മാനന്തവാടി സബ്ബ് കളക്ടർ വികൽപ്പ് ഭരദ്വരാജ് മാനന്തവാടി നഗരസഭാ വൈസ് ചെയർപേഴ്‌സൺ ശോഭാ രാജനെ അപമാനിച്ച സംഭവത്തിൽ സബ്ബ് കളക്ടർക്ക് എതിരെ പ്രതിഷേധം ശക്തമായി. ഇരു മുന്നണികളും വിവിധ പാർട്ടികളും സബ്കലക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു.

നവംബർ 29ന് രാവിലെ 11 മണിക്ക് മാനന്തവാടി താഴെയങ്ങാടി ഡോക്ടേഴ്‌സ് റോഡിന്റെ തർക്കം സംബന്ധിച്ച ചർച്ചയ്ക്ക് മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് സബ്ബ് കളക്ടർ ശോഭാ രാജനോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്നത്. മാനന്തവാടി താഴെയങ്ങാടിയിലെ വഴിപ്രശ്നവുമായി ബന്ധപ്പെട്ട് എ.എസ്.പി ഓഫീസിൽ മാനന്തവാടി എ.എസ്.പി വൈഭവ് സക്സേന വിളിച്ചുചേർത്ത യോഗത്തിൽ വച്ചായിരുന്നു സംഭവം. യോഗത്തിനിടെ ഫോണിൽ സംസാരിച്ചുവെന്ന് പറഞ്ഞ് സബ്കളക്ടർ ശോഭാ രാജന്റെ ഫോൺ പിടിച്ചുവാങ്ങുകയായിരുന്നു.

സബ്ബ് കളക്ടർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ പ്രവീജ് അവശ്യപ്പെട്ടു. മാനന്തവാടിയിലെ പഴശ്ശി അനുസ്മരണ പരിപാടിയിൽ പോലും പങ്കെടുക്കാതെ ധിക്കാരപരമായ സമീപനമാണ് സബ്ബ് കളക്ടർ സ്വീകരിച്ചത്. മാനന്തവാടിയിൽ ജോലി ചെയ്ത നിരവധി സബ്ബ് കളക്ടർമാർ പലരും പഞ്ചായത്തും നഗരസഭയും ഒന്നിച്ച് പ്രവർത്തിച്ച് മാതൃക കണിച്ചവരാണെന്നും വി.ആർ പ്രവീജ് പറഞ്ഞു. മാനന്തവാടി ഗാന്ധി പാർക്കിൽ എൽ ഡി എഫ് കൗൺസിലർമാരുടെ പ്രതിഷേധ യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി ചെയർമാൻ പി.ടി ബിജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ലില്ലി കുര്യൻ, ശാരദ സജീവൻ, കെ.വി.ജുവൈർ, മുഹമ്മദ് അസിഫ് എന്നിവർ പ്രസംഗിച്ചു.