കൽപ്പറ്റ: തനിക്കെതിരെയുള്ള വ്യാജ ആരോപണം സംബന്ധിച്ച് പൊലീസ് അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ മാദ്ധ്യമങ്ങളും സഹായിക്കണമെന്ന് പി ഗഗാറിൻ പറഞ്ഞു.

തനിക്കെതിരെ ഉണ്ടെന്ന് പറയപ്പെടുന്ന തെളിവുകളും മറ്റും പൊലീസിൽനിന്ന് വാങ്ങിയെടുക്കാൻ മാദ്ധ്യമപ്രവർത്തകൾ ശ്രമിക്കണം. പൊലീസ് അന്വേഷണം പൂർത്തിയാക്കി സത്യം തെളിഞ്ഞാൽ അത് സംബന്ധിച്ച വാർത്ത കൊടുക്കാനും മാദ്ധ്യമങ്ങൾ തയ്യാറാകണമെന്നും ഗഗാറിൻ പറഞ്ഞു.
യാഥാർഥ്യം മനസിലാക്കാതെയും തന്റെ നിലപാട് ചോദിക്കാതെയുമാണ് അങ്ങേയറ്റം അപകീർത്തികരമായ ഈ വാർത്ത പുറത്ത് വിട്ടത്. ഇത് മാദ്ധ്യമധർമത്തിന് നിരക്കുന്നതല്ല. തകർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ചിലർ ഉയർത്തുന്ന വ്യാജ ആരോപണങ്ങൾ വ്യക്തിക്കും കുടുംബത്തിനുമുണ്ടാകാവുന്ന മാനസികാഘാതം നോക്കാതെ പ്രാഥമിക പരിശോധന പോലും നടത്താതെ അതേപടി ഫ്‌ളാഷ് ന്യൂസായി കൊടുക്കുന്നത് മാദ്ധ്യമധർമമല്ല. ആരോപണം വ്യാജമായതിനാൽ തനിക്ക് ഒരു ആശങ്കയും ഇല്ല. തന്നെ നേരിട്ടറിയുന്ന ഒരാൾ പോലും ഈ ആരോപണം വിശ്വസിക്കില്ല.
തന്റെ പൊതുജീവിതം സുതാര്യമാണ്. ഒന്നും മറച്ച്‌വെക്കാനില്ല. ഫോൺ റെക്കൊർഡുകളും കോൾ ലിസ്റ്റും പരിശോധിച്ചാൽ ആരോപണത്തിന് പിന്നിലുള്ള വസ്തുത ആർക്കും ബോധ്യപ്പെടും. മാദ്ധ്യമങ്ങൾക്കും ഇത്തരം വസ്തുതകൾ പരിശോധിക്കാം.
പൊതുപ്രവർത്തനത്തിന്റെ ഭാഗമായി നിരവധി സ്ത്രീകളുമായി ഇടപെടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരാളോട് പോലും മോശമായി പെരുമാറിയിട്ടില്ല. മരിച്ച സ്ത്രീയോട് ഒരു തവണ മാത്രമാണ് സംസാരിച്ചത്. ജോലി കാര്യം ആവശ്യപ്പെട്ടപ്പോൾ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയെ കാണാനാണ് പറഞ്ഞത്. മരിച്ച ഒരു സ്ത്രീയെക്കുറിച്ച് ഇത്തരത്തിൽ അപവാദം പ്രചരിപ്പിക്കുന്നതും ക്രൂരതയാണ്. സ്ത്രീകളോടും സ്ത്രീ പ്രശ്‌നങ്ങളോടും സിപിഎമ്മിനും എൽഡിഎഫിനും പ്രഖ്യാപിത നയമുണ്ട്. ആ നയത്തിനനുസരിച്ച് മാത്രമേ നിലപാട് സ്വീകരിക്കുകയുള്ളൂ എന്നും ഗഗാറിൻ പറഞ്ഞു.