മാനന്തവാടി : മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന പ്രധാന സർവ്വീസുകളുടെ സമയം മാറ്റി നിശ്ചയിച്ച ഉത്തരവിൽ ഭേദഗതി വരുത്തി. ഡിസംബർ ഒന്ന് മുതൽ നടപ്പിലാക്കിയ ഉത്തരവാണ് ഭേദഗതി ചെയ്തത്.

പുതിയ തീരുമാനപ്രകാരം മൂന്ന് പതിറ്റാണ്ടുകളായി സേവനം നടത്തിവരുന്ന മാനന്തവാടി കോട്ടയം ബസ്സിന്റെ സമയം രാവിലെ 09.15നും, തലശ്ശേരി, ഇരിട്ടി ഭാഗത്തേക്ക് യാത്ര ചെയ്യാൻ ഏറെയാളുകൾക്ക് ഉപകാരമാകുന്ന മാനന്തവാടി ഇരിട്ടി കോട്ടയം സർവ്വീസ് വൈകീട്ട് 7.45നും, രാവിലെ എടുക്കുന്ന കുമളി ബസ്സ് 8.30 നും തുടർന്നും സർവ്വീസ് നടത്തും. സമയക്രമം മാറ്റിയത് സർവ്വ മേഖലയിലുമുള്ള യാത്രക്കാരെ വലച്ചതോടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

1988 മുതൽ മാനന്തവാടി ഡിപ്പോയുടെ അഭിമാന സർവീസ് ആയിരുന്ന 09.15ന്റെ മാനന്തവാടി കോട്ടയം സർവ്വീസ് 10.40 ന് ഓടിക്കാനാണ് തിരുവനന്തപുരത്ത് നിന്ന് നിർദ്ദേശം വന്നിരുന്നത്. 31 വർഷം യാത്രക്കാരുടെ ആശ്രയവും, മോശമല്ലാത്ത വരുമാന സ്രോതസ്സും ആയിരുന്ന ഈ സർവ്വീസ് ഒറ്റ ദിവസം കൊണ്ട് മാറ്റി മറിച്ചതോടെ മാനന്തവാടി കെ.എസ്.ആർ.ടി.സി തകർക്കാനുള്ള ഗൂഢാലോചനയാണെയന്നുപോലും ആരോപണമുയർന്നു. അതേപോലെ 08.30 ന്റെ കുമളി സർവ്വീസ് 09.50ലേക്ക് മാറ്റി നിശ്ചയിച്ചിരുന്നു. 09.45 ന് മാനന്തവാടി പത്തനാപുരം സൂപ്പർഫാസ്റ്റ് നിലവിലുള്ളപ്പോഴായിരുന്നു ഈ നീക്കം. കുമളി, കോട്ടയം ബസുകളിൽ സ്ഥിരം യാത്ര ചെയ്യുന്ന സർക്കാർ ജീവനക്കാരും, അദ്ധ്യാപകരും മറ്റും പ്രതിഷേധവുമായി രംഗത്ത് വന്നു.

നിരവധി വ്യാപാരികളും സർക്കാർ ജീവനക്കാരും മറ്റും ആശ്രയിച്ചിരുന്ന ഏഴേ മുക്കാലിന്റെ ഇരിട്ടി തലശ്ശേരി കോഴിക്കോട്‌ കോട്ടയം ബസ് സർവ്വീസ് ഏഴ് മണിയിലേക്ക് മാറ്റിയതും വ്യാപക പ്രതിഷേധത്തിനിടയാക്കി. ഓഫീസ് ജോലികഴിഞ്ഞും, വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമെല്ലാം ഇരിട്ടി, തലശ്ശേരി ഭാഗത്തേക്ക് പോകുന്നവർക്കെല്ലാം ഏറെ ആശ്രയമാകുന്ന ആ സർവ്വീസ് നേരത്തയാക്കിയാൽ അത് ഇത്തരക്കാരെ ഏറെ വലയ്ക്കുമെന്നതിനാലാണ് യാത്രക്കാർ പ്രതിഷേധിച്ചത്.

ചെയിൻ സർവ്വീസുകളുടെ ഭാഗമായിട്ടാണ് സർവ്വീസ് സമയം ക്രമീകരിച്ചതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം. ഒടുവിൽ വ്യാപക പ്രതിഷേധമുയർന്നതോടെ മാനന്തവാടിയിൽ നിന്നുള്ള സർവ്വീസുകളുടെ സമയം അതേപടിതന്നെ നിലനിർത്തിയാണ് ഉത്തരവിൽ ഭേദഗതി വരുത്തിയത്.