മാനന്തവാടി: വ്യാജരേഖ സമർപ്പിച്ച് കേരളാ പെർമിറ്റ് സംഘടിപ്പിക്കാൻ ശ്രമിച്ചതിന് കർണ്ണാടക സ്വദേശിയായ ട്രാവലർ ഡ്രൈവർ അറസ്റ്റിൽ. കർണാടക ചാമരാജ്‌നഗർ സ്വദേശി ശാന്തരാജു (30) വിനെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28ന് കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ശാന്തരാജു കേരളാ പെർമ്മിറ്റിനായി കാട്ടിക്കുളം ആർ.ടി.ഒ. ചെക്ക് പോസ്റ്റിൽ രേഖകൾ സമർപ്പിക്കുകയായിരുന്നു. എന്നാൽ രേഖകളിൽ സംശയം തോന്നിയ ആർ.ടി.ഒ. ചെക്ക് പോസ്റ്റിലെ എം.വി.ഐ. സി.ബി. അജിത് കുമാർ വാഹനത്തിന്റെ എൻജിൻ നമ്പറും, ചെയ്‌സിസ് നമ്പറും പരിശോധിച്ചതിൽ നിന്നാണ് തട്ടിപ്പ് മനസിലായത്. പരിശോധനയിൽ ഇത് മറ്റൊരു വാഹനത്തിന്റെ രേഖയാണെന്ന് വ്യക്തമായി. ആർ.ടി.ഒ. ചെക്ക് പോസ്റ്റ് അധികൃതരുടെ പരാതിയിൽ തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.