മാനന്തവാടി: മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശോഭാ രാജനെ അപമാനിച്ച മാനന്തവാടി സബ്ബ് കളക്ടറുടെ നടപടി ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ സബ്ബ് കളക്ടർ പങ്കെടുത്തില്ല. ജനപ്രതിനിധികൾ പ്രതിഷേധം അറിയിച്ചതോടെ ചർച്ച പരാജയപ്പെട്ടു.
ഇന്നലെ 12 മണിക്കാണ് മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ വി.ആർ പ്രവീജ്, ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശോഭാ രാജൻ, കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, ജോണി മറ്റത്തിലാനി, വി.കെ.ശശിധരൻ എന്നിവരെ കളക്ടർ ഓഫിസിലേക്ക് ചർച്ചയ്ക്ക് വിളിച്ചത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമായിരുന്നു കളക്ടർ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയത്. സബ്ബ് കളക്ടർ എ.എസ്.പി ഓഫിസിൽ യോഗത്തിന് പോയത് ശരിയല്ലെന്നും ജനപ്രതിനിധിയുടെ ഫോൺ പിടിച്ചു വാങ്ങിയത് തെറ്റായ നടപടിയാണെന്നും വിഴ്ച പറ്റിയെന്നും ജില്ലാ കളക്ടർ പറഞ്ഞതായി ജനപ്രതിനിധികൾ അറിയിച്ചു.
സബ്ബ് കളക്ടർ യോഗത്തിൽ എത്താത്തതിനെ നഗരസഭാ ചെയർമാൻ വി.ആർ പ്രവീജും കൗൺസിലർ ജേക്കബ്ബ് സെബാസ്റ്റ്യനും വിമർശിച്ചു. സബ്ബ് കളക്ടർ ജനങ്ങൾക്ക് ഒപ്പം നിൽക്കണമെന്നും തെറ്റ് അംഗീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. സബ്ബ് കളക്ടർക്ക് വിഴ്ച്ചപറ്റിയെന്ന പത്രക്കുറിപ്പ് നൽകാമെന്ന് കളക്ടർ അറിയിച്ചെങ്കിലും ജനപ്രതിനിധികൾ അത് അംഗീകരിച്ചില്ല.
വിവരങ്ങൾ സർക്കാരിനെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും അറിയിക്കുമെന്നും പിന്നീട് ചർച്ച നടത്തുമെന്നും കളക്ടർ അറിയിച്ചതിനെ തുടർന്ന് ജനപ്രതിനിധികൾ മടങ്ങുകയായിരുന്നു.
താഴെയങ്ങാടിയിലെ വഴിത്തർക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുവാൻ നവംബർ 29 ന് എ.എസ്.പി ഓഫീസിൽ എ.എസ്.പി വിളിച്ച് ചേർത്ത യോഗത്തിലാണ് സബ്ബ് കളക്ടർ വികൽപ് ഭരദ്വാജ് ഡെപ്യൂട്ടി ചെയർപേഴ്‌സനോട് മോശമായി പെരുമാറിയത്. ഡിസംബർ ഒമ്പതിന് കൽപ്പറ്റയിൽ നടക്കുന്ന സംസ്ഥാന വനിതാ കമ്മീഷൻ അദാലത്തിലേക്ക് ശോഭാ രാജന്റെ പരാതിയെ തുടർന്ന് സബ്ബ് കളക്ടറെ വിളിച്ചു വരുത്തുന്നതിന് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.