കൽപ്പറ്റ: വൈകല്യങ്ങളെ അതിജീവിച്ച് കാർഷിക ജോലിയിൽ ഏർപ്പെട്ട് വിജയഗാഥ രചിച്ച കുംഭയെന്ന ഭിന്നശേഷിക്കാരിയായ ആദിവാസി വീട്ടമ്മയെ ആദരിക്കാൻ രാഹുൽ ഗാന്ധി എം.പി തറയിലിരുന്നു. വെളളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷനിലാണ് കുംഭയും പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ കുനിങ്ങാരത്ത് നാസറും ഉൾപ്പടെ നാല് പേരെ ആദരിച്ചത്.
ഇന്ത്യൻ ബാസ്‌ക്കറ്റ് ബോൾ വനിതാ ടീം ക്യാപ്‌ടൻ ജീന സ്‌കറിയ, പണിയ സമുദായത്തിൽ നിന്നുള്ള പി.ജി.വിദ്യാർത്ഥിനി പുളിഞ്ഞാൽ സ്വദേശി ജിനിയ കോട്ടമുക്കത്ത് എന്നിവരായിരുന്നു ആദരിക്കപ്പെട്ട മറ്റ് രണ്ട് പേർ.
വെള്ളമുണ്ട പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയാണ് നാല് പേർക്കും പ്രഥമ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എക്‌സലൻസ് അവാർഡ് നൽകിയത്. അവാർഡ് സ്വീകരിക്കാനായി ഒരോരുത്തരുടെയും പേരുകൾ വിളിച്ചപ്പോൾ അരയ്ക്ക് താഴെ തളർന്ന കുംഭ കൈകൾ തറയിൽ കുത്തി ഇഴഞ്ഞാണ് വേദിയിലേക്ക് കയറിയത്. ഇത്കണ്ട രാഹുൽ ഗാന്ധി എം.പി. അവരുടെ അടുത്തേക്ക് ചെന്നു തറയിലിരുന്ന് അഭിനന്ദിച്ചു. പിന്നെ, പുരസ്‌കാരം സമർപ്പിച്ച് ചേർത്ത് പിടിച്ചു.
നിരവധി പുരസ്‌കാരങ്ങൾ കിട്ടിയിട്ടുള്ള തനിക്ക് ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത മുഹൂർത്തമായിരുന്നു ഇതെന്ന് കുംഭ ചടങ്ങിന് ശേഷം പറഞ്ഞു.
വെള്ളമുണ്ടയിൽ ഡയാലിസിസ് സെന്റർ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തകനായ കുനിങ്ങാരത്ത് നാസറും ജിനിയയും ജീന സ്‌കറിയക്ക് വേണ്ടി മാതാപിതാക്കളും രാഹുൽ ഗാന്ധിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.