കൽപ്പറ്റ: ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവായിരുന്നു. തിയേറ്ററുകളിൽ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ 'ഉടലാഴം' എന്ന സിനിമയിലെ നായകനാണ്. പുതിയ നാലു സിനിമയ്ക്ക് ഓഫർ ലഭിച്ചിട്ടുമുണ്ട്. പതിറ്റാണ്ടായി ശ്രമം തുടരുമ്പോഴും നടൻ മണിയ്ക്ക് പക്ഷേ, ഇനിയും കിട്ടാത്ത ഒന്നുണ്ട്. റേഷൻ കാർഡ്!.
കഴിഞ്ഞ പത്തു വർഷത്തിനിടെ 20 തവണയിലേറെയെങ്കിലും റേഷൻ കാർഡിന് അപേക്ഷ നൽകിയിട്ടുണ്ടാവുമെന്ന് ബത്തേരി ചെതലയം പൂവഞ്ചി കോളനിയിൽ കഴിയുന്ന മണി പറയുന്നു. എനിക്ക് മാത്രമല്ല, കോളനിയിലെ മറ്റു പത്തോളം കുടുംബങ്ങൾക്കും റേഷൻ കാർഡില്ല. കാർഡ് നിഷേധിക്കുന്നതിനു കാരണം ചോദിച്ചാൽ ആർക്കും അറിയില്ല. റോഡും വീടുമായതു കൊണ്ട് കാര്യമില്ലല്ലോ... കാർഡില്ലാത്തതിനാൽ റേഷനരിയില്ല. വലിയ വില നൽകി ടൗണിലെ കടകളിൽ നിന്നാണ് അരി വാങ്ങുന്നത്.
ചെതലയത്തെ വനത്തോട് ചേർന്നാണ് പൂവഞ്ചി പണിയ കോളനി. ഈ ആവശ്യത്തിന് ഇനിയാരെയും സമീപിക്കാൻ ബാക്കിയില്ലന്നും മണി പറയുന്നു. ഉടലാഴം ഹിറ്റായി ഓടുന്നതിനിടെ സിനിമാവിശേഷങ്ങളറിയാൻ കോളനിയിലെത്തിയവരോടാണ് മണി റേഷൻ കാർഡിന്റെ കാര്യത്തിലുള്ള ദുരനുഭവം പങ്കുവെച്ചത്.
ഫോട്ടോഗ്രാഫർ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചായിരുന്നു മണിയുടെ അരങ്ങേറ്റം. ഈ സിനിമയിലെ അഭിനയത്തിന് ബാലതാരത്തിനുള്ള അവാർഡും ലഭിച്ചു. പിന്നീട് സിനിമയുമായി ബന്ധമുണ്ടായിരുന്നില്ല. കർണാടകയിലെ ഇഞ്ചിപ്പാടത്തെ കൂലിപ്പണിയ്ക്കിടയിൽ നിന്നാണ് ഉടലാഴത്തിന്റെ നായകനായുള്ള രണ്ടാംവരവ്.
രാജു - നഞ്ചി ദമ്പതികളുടെ മകനാണ് മണി. ഭാര്യ: പവിഴം. മക്കൾ: മനീഷ, അനഘ, മീനുക്കുട്ടി.